തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌ഐആറിന്റെ കരട് വോട്ടർപട്ടിക ചൊവ്വാഴ്ച പ്രസിദ്ധീകരിക്കുന്നതോടെ തിരഞ്ഞെടുപ്പുകമ്മിഷൻ പ്രധാനകടമ്പ കടക്കും. ക്രിസ്മസ് അവധിക്ക് നാട്ടിൽ എത്തുന്നവർക്കുകൂടി വോട്ടർപട്ടികയിൽ പേരുചേർക്കാൻ അവസരമൊരുക്കണമെന്നാണ് രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യം.
അവധിക്കെത്തുന്ന ഇവരിൽ നല്ലൊരുശതമാനവും ‘കണ്ടെത്താൻ സാധിക്കാത്ത’വർ ഉൾപ്പെട്ട എഎസ്ഡി പട്ടികയിലാണ്. ഇവർ പുറത്താകാതിരിക്കാൻ എസ്‌ഐആറിന്റെ സമയം നീട്ടണമെന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷനോട് സംസ്ഥാനസർക്കാരിന്റെയും ബിജെപിയിതര പാർട്ടികളുടെയും ആവശ്യം.
24.08 ലക്ഷം പേരാണ് നിലവിൽ എഎസ്ഡി പട്ടികയിലുള്ളത്. ഇതിൽ, കണ്ടെത്താൻ സാധിക്കാത്തവർ 6,45,548 പേരാണ്. കമ്മിഷന്റെ കണക്കിലുള്ള കണ്ടെത്താനാവാത്ത പലരും നാട്ടിൽത്തന്നെയുണ്ടെന്ന് രാഷ്ട്രീയപ്പാർട്ടികൾ പറയുന്നു.
ഇവർക്ക് പേരുചേർക്കണമെങ്കിൽ പുതിയ വോട്ടറായി അപേക്ഷിക്കണം. ഇതിലെ തുടർനടപടികൾക്കും എഎസ്ഡി പട്ടികയിൽ അല്ലാത്ത പുതിയ വോട്ടർമാരുടെ ഹിയറിങ്ങിനും നിലവിലെ സമയം തികയില്ല. അതിനാൽ, കൂടുതൽസമയം വേണമെന്നാണ് സർക്കാരിന്റെയും ആവശ്യം.
2025 സെപ്റ്റംബറിൽ പുതുക്കിയ പട്ടികയിലുള്ള അർഹരായ ഒരാൾപോലും എസ്‌ഐആർ പട്ടികയിൽനിന്ന് പുറത്താകില്ലെന്ന് തിരഞ്ഞെടുപ്പുകമ്മിഷൻ ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.രണ്ടുതവണയായി രണ്ടാഴ്ച കേരളത്തിൽ എസ്‌ഐആറിന്റെ സമയം നീട്ടിയിരുന്നു.


