തൃശ്ശൂർ: വർഗീയവാദിയായി ചിത്രീകരിച്ചാലും സമുദായത്തിനുവേണ്ടി പറഞ്ഞതിൽ മാറ്റമില്ലെന്നും അർഹമായത് തരാത്തത് പറയുമ്പോൾ വർഗീയമാക്കുകയാണെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയായി മൂന്നുപതിറ്റാണ്ട് പ്രവർത്തിച്ചതിന് തൃശ്ശൂർ യൂണിയൻ സംഘടിപ്പിച്ച ആദരസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചില സത്യങ്ങൾ പറയുമ്പോൾ ചില സമുദായക്കാർക്ക് ഇഷ്ടമല്ല. മലപ്പുറത്ത് നാല് നിയോജകമണ്ഡലങ്ങളിൽ ഭൂരിപക്ഷമുണ്ടായിട്ടും ഒരു കുടിപ്പള്ളിക്കൂടംപോലും ലഭിച്ചില്ല. മുസ്‌ലിം ലീഗിലെ ചില നേതാക്കളുടെ അനീതിയാണ് പറഞ്ഞത്. അതിൽ എന്താണ് തെറ്റ്. മുസ്‌ലിം സമുദായത്തെ കുറ്റപ്പെടുത്തിയോ അവർക്കുള്ള അവകാശങ്ങൾ നിഷേധിക്കുന്ന രീതിയിലോ അനാവശ്യമൊന്നും പറഞ്ഞില്ല. നീതി പറയുമ്പോൾ വർഗീയവാദിയാകും. 24 മണിക്കൂറും ജാതിയും മതവും പറയുന്നവർ മിതവാദികളുമാകും.
സോദരത്വേന നിന്നിട്ട് ഒന്നും കിട്ടിയില്ല. വാ സോദരാ എന്ന് ആരും വിളിച്ചില്ല. മറ്റ് സോദരർ സംഘടിക്കുകയും ശക്തരാകുകയും വോട്ട് ബാങ്കാകുകയും രാഷ്ട്രീയ അധികാരത്തിൽ അവകാശങ്ങൾ വെട്ടിപ്പിടിക്കുകയും ചെയ്തു. സാമുദായികനീതിക്ക് ഒന്നായി നിന്നാലേ നന്നാകൂവെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.


