കൊവിഡ് 19 രോഗബാധയേത്തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന ഗായിക കനിക കപൂറിന് അഞ്ചാം ഘട്ട പരിശോധനയിലും കോവിഡ് ഫലം പോസിറ്റീവ്. ശരീരം മരുന്നകളോട് പ്രതികരിക്കാത്തതില്‍ കുടുംബം ആശങ്ക പ്രകടിപ്പിച്ചു. സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലാണ് കനിക കപൂര്‍ ചികിത്സയില്‍ കഴിയുന്നത്. അടുത്ത ഘട്ട പരിശോധനാഫലം നെഗറ്റീവ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് കനിക ഇന്നലെ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു.
മക്കളെയും കുടുംബാംഗങ്ങളെയും കാണാന്‍ വേണ്ടി വീട്ടിലേക്കു പോകാന്‍ കാത്തിരിക്കുകയാണെന്നും അവരെ ഒരുപാട് മിസ് ചെയ്യുന്നുവെന്നും കുറിച്ചുകൊണ്ട് കനിക പങ്കുവച്ച വികാരനിര്‍ഭരമായ കുറിപ്പ് വൈറലായിരുന്നു. എന്നാല്‍ അഞ്ചാം ഘട്ട പരിശോധന ഫലം ഗായികയുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചു.
ലോക്ഡൗണ്‍ സമയമായതിനാല്‍ കനികയെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരിടത്തേയ്ക്കു മാറ്റാന്‍ സാധിക്കില്ലെന്നും രോഗമുക്തിക്കു വേണ്ടി പ്രാര്‍ഥിക്കാന്‍ മാത്രമേ കഴിയൂ എന്നും ബന്ധുക്കള്‍ പറഞ്ഞു. അതേസമയം കനികയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും നെഗറ്റീവ് ഫലം കാണുന്നതു വരെ ചികിത്സ തുടരുമെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. മാര്‍ച്ച് 20-നാണ് കനിക കപൂറിന് കോവിഡ് 19 സ്ഥിരീകരിച്ചത്.
വിദേശ യാത്രയ്ക്കു ശേഷം ഇന്ത്യയില്‍ മടങ്ങിയെത്തിയ ഗായിക രോഗവിവരം മറച്ചുവച്ച് ഉന്നതരുമായി പൊതു പരിപാടികളില്‍ പങ്കെടുത്തിരുന്നു. വിദേശയാത്രയ്ക്കു ശേഷം സമ്പര്‍ക്ക വിലക്ക് ലംഘിച്ചതിന് കനികയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗായികയുടേത് നിരത്തരവാദപരമായ പെരുമാറ്റമാണെന്നു വിമര്‍ശിച്ച് പ്രമുഖരുള്‍പ്പെടെ നിരവധി പേര്‍ രംഗത്തു വന്നിരുന്നു.