വയനാട്: മാനന്തവാടി സബ് ആര്‍.ടി.ഓഫീസ് ജീവനക്കാരി സിന്ധു ആത്മഹത്യ ചെയ്ത സംഭവത്തിലെ വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് യഥാര്‍ത്ഥ കുറ്റക്കാരെ രക്ഷിക്കാനാണെന്നു ആക്ഷേപം. ഓഫിസിലെ 11 ജീവനക്കാരെ വിവിധയിടങ്ങളിലേക്ക് സ്ഥലം മാറ്റണമെന്ന ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട് കമ്മിഷറുടെ അന്വേഷണ റിപ്പോര്‍ട്ടിലെ ശുപാര്ശകള്‍ക്കെതിരെ എന്‍ജിഒ അസോസിയേഷന്‍ രംഗത്തെത്തി.
സിന്ധുവിന്റെ മരണത്തിന് കാരണം ഓഫിസിലെ മാനസിക പീഡനമാണെന്നായിരുന്നു ആരോപണം. തുടര്‍ന്നു ഡെപ്യുട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നടത്തിയ വകുപ്പുതല അന്വേഷണത്തില്‍ ഓഫിസിലെ 11 ജീവനക്കാരെ സ്ഥലം മാറ്റണമെന്ന ശുപാര്‍ശയാണ് മുന്നോട്ട് വച്ചത്.
മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ ജീവനക്കാരെ മാത്രം കുറ്റക്കാരാക്കി മാറ്റുന്നത് ശരിയല്ലെന്നും. ആറോളം ജീവനക്കാര്‍ നേരത്തെ ഓഫിസിലെ അഴിമതി സംബന്ധിച്ച് ആര്‍ടിഒ യെ നേരില്‍ കണ്ട് പരാതി പറഞ്ഞതാണെന്നും എന്‍ജി ഒ അസോ. ചൂണ്ടിക്കാണിക്കുന്നു.
കേസില്‍ യഥാര്‍ത്ഥ കുറ്റക്കാരെ രക്ഷിക്കാന്‍ ശ്രമം നടക്കുകയാണെന്നും ആക്ഷേപമുണ്ട്. ആത്മഹത്യയില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അതിനു മുന്‍പ് ഡെപ്യുട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ശുപാര്‍ശയിന്മേല്‍ നടപടിയുണ്ടായല്‍ പ്രക്ഷോഭം ആരംഭിക്കാനാണ് എന്‍ജിഒ അസോസിയേഷന്‍ തീരുമാനം.