KeralaNews

സിദ്ധാര്‍ത്ഥിന്റെ മരണം; പത്തൊമ്പത് പേർക്ക് പഠന വിലക്ക്

വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പത്തൊമ്പത് പേർക്ക് പഠന വിലക്ക്. കോളേജ് ആന്റി റാഗിങ് സമിതിയുടേതാണ് നടപടി. മൂന്ന് വർഷത്തേക്കാണ് വിദ്യാർത്ഥികളെ വിലക്കിയിരിക്കുന്നത്. ഇതോടെ ഇവർക്ക് രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും പ്രവേശനം നേടാനാകില്ല. വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ത്ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ സിദ്ധാര്‍ത്ഥിനെ ഫെബ്രുവരി 18ന് ഉച്ചയ്ക്ക് ഒന്നരയോടെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആത്മഹത്യ എന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ സിദ്ധാര്‍ഥ് ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നും സുഹൃത്തുക്കളും സീനിയേഴ്‌സും ചേര്‍ന്ന് സിദ്ധാര്‍ത്ഥനെ മര്‍ദ്ദിച്ച് കെട്ടിതൂക്കിയെന്നും ആരോപണം ഉയര്‍ന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതികളെന്നും കുടുംബവും സുഹൃത്തുക്കളും ആരോപിച്ചു.

ഇതിനിടെ പ്രതികളില്‍ ഒരാള്‍ കോടതിയില്‍ കീഴടങ്ങി. മലപ്പുറം സ്വദേശിയും നാലാം വര്‍ഷ വിദ്യാര്‍ത്ഥിയുമായ അമീന്‍ അക്ബര്‍ അലിയാണ് കീഴടങ്ങിയത്. മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ വൈകീട്ടോടെയാണ് ഇയാള്‍ ഹാജരായത്. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം 11 ആയി

കേസില്‍ മൂന്ന് പേരുടെ കൂടി അറസ്റ്റ് വൈകിട്ട് രേഖപ്പെടുത്തിയിരുന്നു. വെറ്ററിനറി കോളേജ് യൂണിയന്‍ പ്രസിഡന്റ് കെ അരുണ്‍, എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്‌സാന്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ആത്മഹത്യാ പ്രേരണ, മര്‍ദ്ദനം, റാഗിങ് നിരോധന നിയമം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button