NationalNews

ധനകാര്യം ഉൾപ്പെടെ സുപ്രധാന വകുപ്പുകൾ സിദ്ധരാമയ്യയ്ക്ക്; ഡി.കെയ്ക്ക് ജലസേചനവും നഗരവികസനവും

ബെംഗളൂരു: മുഖ്യമന്ത്രിസ്ഥാനം നേടിയെടുത്തതിന് പിന്നാലെ കര്‍ണാടക സര്‍ക്കാരിലെ വകുപ്പ് വിഭജനത്തിലും മേല്‍ക്കൈ നേടി സിദ്ധരാമയ്യ. ധനകാര്യം, കാബിനറ്റ്, ഭാരണകാര്യം, രഹസ്യാന്വേഷണം തുടങ്ങിയ സുപ്രധാന വകുപ്പുകളുടെ ചുമതല സിദ്ധരാമയ്യയ്ക്കാണ്. ജലസേചനം, നഗരവികസനം എന്നീ രണ്ടു വകുപ്പുകളുടെ ചുമതലയാണ് ഉപമുഖ്യമന്ത്രിയായ ഡി.കെ ശിവകുമാറിന് ലഭിച്ചത്.

മന്ത്രിസഭാ വികസനത്തിന്റെ ഭാഗമായി ശനിയാഴ്ച 24 മന്ത്രിമാര്‍ കൂടി കര്‍ണാടക രാജ്ഭവനില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരുന്നു. ഇതോടെ കര്‍ണാടകയിലെ ആകെ മന്ത്രിമാരുടെ എണ്ണം 34 ആയി ഉയര്‍ന്നു. മന്ത്രിമാരില്‍ 12 പേര്‍ പുതുമുഖങ്ങളാണ്. മുന്‍ എഐസിസി അംഗവും കര്‍ണാടക പിസിസി അംഗവുമായ എന്‍എസ് ബോസെരാജു അപ്രതീക്ഷിതമായി മന്ത്രിസഭയിലെത്തി. ബോസെരാജു നിലവില്‍ എംഎല്‍എയോ നിയമസഭാ കൗണ്‍സില്‍ അംഗമോ അല്ല.

ജി. പരമേശ്വരയാണ് ആഭ്യന്തര മന്ത്രി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ മകന്‍ പ്രിയങ്ക് ഖാര്‍ഗെയ്ക്ക് ഗ്രാമവികസന വകുപ്പാണ് ലഭിച്ചത്. എച്ച്‌കെ പാട്ടീലാണ് നിയമമന്ത്രി. ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് കെഎച്ച് മുനിയപ്പയ്ക്കാണ്. കെജെ ജോര്‍ജ്, ഡോ. എച്ച്‌.സി മഹാദേവപ്പ, ശരണബസാപ്പ, ശിവനാനന്ദ് പാട്ടീല്‍ എന്നിവരും മന്ത്രിസഭയിലെത്തി. അതേസമയം, മുതിര്‍ന്ന നേതാക്കളായ ആര്‍വി ദേശ്പാണ്ഡെ, ടിബി ജയചന്ദ്ര തുടങ്ങിയവര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചില്ല.

മന്ത്രിമാരെ തീരുമാനിക്കുന്ന കാര്യത്തിലും വകുപ്പ് വിഭജനത്തിലും സിദ്ധരാമയ്യയും ഡികെ ശിവകുമാറും തമ്മില്‍ കടുത്ത അഭിപ്രായഭിന്നത നിലനിന്നിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, മന്ത്രിസഭാ രൂപീകരണത്തിലും സിദ്ധരാമയ്യയുടെ അഭിപ്രായങ്ങള്‍ക്കാണ് മേല്‍ക്കൈ ലഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button