കൊച്ചി: ആലത്തൂരിൽ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയ സംഭവത്തിൽ എസ്ഐ റെനീഷ് നിരുപാധികം മാപ്പ് പറഞ്ഞു. പുതിയ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചു. റെനീഷിനെതിരെ എടുത്ത നടപടി സംസ്ഥാന പൊലീസ് മേധാവി വിശദീകരിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഹര്‍ജി പത്ത് ദിവസം കഴിഞ്ഞ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതി അറിയിച്ചു.
കോടതിയലക്ഷ്യം നടത്തണമെന്ന ഉദ്ദേശത്തോടെ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു എസ്ഐയുടെ ആദ്യത്തെ മറുപടി. ഒന്നും ചെയ്തിട്ടില്ലെങ്കിൽ മാപ്പ് പറയുന്നതെന്തിനെന്ന് ചോദിച്ച കോടതി അധികാര ദുർവിനിയോഗം നടത്തരുതെന്ന മുന്നറിയിപ്പും നൽകിയിരുന്നു. കോടതിയലക്ഷ്യ കേസിൽ മറുപടി നൽകേണ്ടത് ഇങ്ങനെയാണോ എന്ന് ചോദിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സത്യവാങ്മൂലം മാറ്റിനൽകാൻ സമയം നൽകിയിരുന്നു.
വാഹനാപകട കേസുമായി ബന്ധപ്പെട്ട് ആലത്തൂർ സ്റ്റേഷനിൽ ഹാജരായ അഡ്വ.ആക്വിബ് സുഹൈലിനോടാണ് ആലത്തൂർ എസ്‌ഐ തട്ടിക്കയറിയത്. സംഭവിക്കാൻ പാടില്ലാത്തതാണ് എസ്ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നു സംസ്ഥാന പോലീസ് മേധാവി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ പൊതുജനങ്ങളോടുള്ള എടാ പോടാ വിളികൾ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പോലീസ് മേധാവി വീണ്ടും സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യം കർശനമായി നടപ്പാക്കണം എന്ന് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചിട്ടുണ്ടെന്നും ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.