കൊച്ചി: കൊല്ലത്തും കൊച്ചിയിലും ഇന്ന് വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കും. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളെ തുടര്‍ന്ന് വ്യാപാരികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുന്നത്.
വ്യപാരികളെ പോലീസ് ബുദ്ധിമുട്ടിക്കുന്നെന്നാരോപിച്ചാണ് കൊല്ലം ജില്ലയില്‍ കടകളടച്ചിടുന്നത്. സംഘടനയുടെ ഭാഗമായ ഹോട്ടലുടമകളില്‍ ഒരു വിഭാഗവും പ്രതിഷേധത്തിന്റെ ഭാഗമാകുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ കടയടപ്പു സമരവുമായി സഹകരിക്കില്ലെന്ന നിലപാടിലാണ് സിപിഎം അനുകൂല സംഘടനയായ വ്യാപാരി വ്യവസായി സമിതി.
കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദശം പാലിച്ച് കടകള്‍ തുറക്കാനനുവദിക്കുക, ഓണ്‍ലൈന്‍ വ്യാപാരം നിയന്ത്രിക്കുക, അടച്ചിട്ട കടകള്‍ക്ക് വാടക ഒഴിവാക്കാനുള്ള നിയമ നിര്‍മാണം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് എറണാകുളം ജില്ലയിലെ കടയടപ്പ് സമരം.
ഓള്‍കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍, ബേക്കേഴ്‌സ് അസോസിയേഷന്‍, സൂപ്പര്‍ മാര്‍ക്കറ്റ് അസോസിയേഷന്‍ എന്നിവരും സമരത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്റ്റോര്‍ ഒഴികെ മറ്റ് കടകള്‍ തുറക്കില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.