ന്യൂഡൽഹി: ദേശീയ ഷൂട്ടിംഗ് താരം സിപ്പി സിദ്ധുവിനെ കൊലപ്പെടുത്തിയ കേസിൽ ജഡ്ജിയുടെ മകൾ 7 വർഷങ്ങൾക്ക് ശേഷം അറസ്റ്റിലായി. ഹിമാചൽ പ്രദേശ് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് സബീനയുടെ മകൾ കല്യാണി സിംഗിനെയാണ് സിബിഐ അറസ്റ്റ് ചെയ്തത്.ബുധനാഴ്ചയാണ് സി.ബി.ഐ. സംഘം കല്ല്യാണി സിങ്ങിനെ അറസ്റ്റ് ചെയ്തത്. ചണ്ഡീഗഢ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നാലുദിവസത്തെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു.വിശദമായ അന്വേഷണത്തില്‍ കൊലപാതകത്തില്‍ കല്ല്യാണി സിങ്ങിനുള്ള പങ്ക് കണ്ടെത്തിയെന്നും ചോദ്യംചെയ്തതിന് ശേഷമാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും സി.ബി.ഐ. വക്താവ് പറഞ്ഞു.
കല്യാണിയും സിപ്പിയും തമ്മിലുണ്ടായിരുന്ന ബന്ധത്തിനിടയിൽ തർക്കങ്ങൾ ഉടലെടുത്തതാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് കണ്ടെത്തൽ.കല്യാണി സിംഗിനെ ചോദ്യം ചെയ്യലിനായി നാല് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വാങ്ങി. 2016ലാണ് കേസിൽ ഒരു സ്ത്രീയുടെ പങ്കിനെ കുറിച്ച് സിബിഐക്ക് വിവരം ലഭിച്ചത്.
2015 സെപ്റ്റംബർ 20നാണ് അഭിഭാഷകൻ കൂടിയായ സുഖ്മൻപ്രീത് സിംഗ് എന്ന സിപ്പി സിദ്ധുവിന്റെ മൃതദേഹം ചണ്ഡീഗഢിലെ പാർക്കിൽ നിന്നും കണ്ടെത്തിയത്. മൊഹാലിയിൽ സ്ഥിരതാമസക്കാരനായ സിദ്ധുവിന് കൊല്ലപ്പെടുമ്പോൾ 35 വയസ്സായിരുന്നു പ്രായം. അദ്ദേഹത്തിന്റെ മൃതദേഹത്തിൽ നിന്നും വെടിയുണ്ടകൾ കണ്ടെത്തിയിരുന്നു. മുൻ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ജഡ്ജി എസ് എസ് സിദ്ധുവിന്റെ ചെറുമകനായിരുന്നു സിപ്പി.
പഞ്ചാബ് ഗവർണറുടെ നിർദ്ദേശ പ്രകാരം 2016 ജനുവരിയിൽ കേസ് സിബിഐ ഏറ്റെടുത്തു. കേസുമായി ബന്ധപ്പെട്ട് വിവരം നൽകുന്നവർക്ക് സിബിഐ 5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.കൊലപാതകിയോടൊപ്പം ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നും, കീഴടങ്ങാൻ തയ്യാറായാൽ അവർക്ക് നിയമപരമായ ആനുകൂല്യം ലഭ്യമാകുമെന്നും കാട്ടി സിബിഐ പത്രത്തിൽ പരസ്യം നൽകിയിരുന്നു. കേസിൽ വിവരം നൽകുന്നവർക്കുള്ള പാരിതോഷികം 10 ലക്ഷം രൂപയായി 2021 ഡിസംബറിൽ സിബിഐ ഉയർത്തിയിരുന്നു.
അന്വേഷണം നിർണ്ണായക ഘട്ടത്തിൽ എത്തിയപ്പോഴാണ് കേസിൽ കല്യാണി സിംഗിന്റെ പങ്കിലേക്ക് സിബിഐ എത്തിയത്. തുടർന്ന് അതിവേഗം അറസ്റ്റിലേക്ക് കടക്കുകയായിരുന്നു. 7 വർഷമായ കേസിലെ ആദ്യ അറസ്റ്റാണ് ഇന്ന് നടന്നത്.