KeralaNews

കേണിച്ചിറയിലെ കടുവയെ മയക്കുവെടി വെച്ച് പിടികൂടും; നടപടികൾ ഉടൻ ആരംഭിക്കും, ഉത്തരവിറക്കി ചീഫ് വൈൽഡ് ലൈഫ് വാർ‍ഡൻ

കല്‍പ്പറ്റ: വയനാട് കേണിച്ചിറയില്‍ നാല് പശുക്കളെ ആക്രമിച്ച് കൊന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടും. കൂട് വെച്ച് പിടികൂടാനായില്ലെങ്കിലായിരിക്കും കടുവയെ മയക്കുവെടിവെച്ച് പിടികൂടുക. ഇതുസംബന്ധിച്ച വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡൻ ഉത്തരവിറക്കി.

സ്ഥലത്ത് വിവിധയിടങ്ങളില്‍ കൂട് സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കും. കടുവ കൂട്ടില്‍ കയറിയില്ലെങ്കില്‍ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. നിലവില്‍ സ്ഥലത്ത് രണ്ട് കൂടുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആര്‍ആര്‍ടി സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.

 ഉത്തരവിറങ്ങിയതോടെ കടുവയെ പിടികൂടാനുള്ള നടപടികള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ആര്‍ആര്‍ടി സംഘം. ഇതിനിടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും വനംവകുപ്പ് നല്‍കിയിട്ടുണ്ട്. കടുവ ഇപ്പോഴും ജനവാസ മേഖലയിലുണ്ടെന്നാണ് കരുതുന്നത്.

അതേസമയം, കേണിച്ചിറയിലും പരിസര പ്രദേശങ്ങളിലും പശുക്കളെ കൊല്ലുകയും  ഭീതിപരത്തുകയും ചെയ്യുന്ന കടുവയെ പിടി കൂടുന്നതിനു ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥർക്ക്  വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകിയതായി ജില്ലാ കളക്ടർ ഡോ. രേണു രാജ് നേരത്തെ അറിയിച്ചിരുന്നു.

തുടര്‍നാണ് ഇതുസംബന്ധിച്ച ഉത്തരവ് ഉച്ചയ്ക്കുശേഷം ഇറങ്ങിയത്. കടുവയെ പിടികൂടുന്നതിനുള്ള നിയമാനുസൃത നടപടികൾ പൂർത്തിയാക്കി ഉടൻ അനുമതി നൽകാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന് വനം വകുപ്പ് മന്ത്രി നിർദേശം നൽകുകയായിരുന്നു. കടുവയുടെ ആക്രമണം നടന്ന പാലക്കാട് എസിഎഫ് ബി രഞ്ജിത് കേണിച്ചിറയിൽ രാവിലെ എത്തിയിരുന്നു. പൂതാടി പഞ്ചയത്തിൽ സർവകക്ഷി യോഗവും നടന്നു. 

ഇന്നലെ രാത്രി മൂന്ന് പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തോൽപ്പെട്ടി 17 എന്ന കടുവയാണ് പശുക്കളെ കൊന്നത്. മാളിയേക്കൽ ബെന്നിയുടെ തൊഴുത്തിൽ കയറി ആയിരുന്നു ആക്രമണം.

മൂന്ന് ദിവസത്തിനിടെ നാല് പശുക്കളെ കടുവ കൊന്നു. കിഴക്കേൽ സാബുവിന്‍റെ പശുവിനെ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കൊന്നിരുന്നു. സംഭവത്തെതുടര്‍ന്ന് ഇന്ന് രാവിലെ കേണിച്ചിറയിൽ റോഡ് ഉപരോധിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. സുല്‍ത്താൻ ബത്തേരി – പനമരം റോഡ് ആണ് ഉപരോധിച്ചത്.

കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പശുവിന്‍റെ ജഡവുമായിട്ടായിരുന്നു റോഡ് ഉപരോധം. പശുവിന്‍റെ ജ‍‍ഡം ട്രാക്ടറില്‍ വെച്ചുകൊണ്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്.  തുടര്‍ന്ന് ഡിഎഫ്ഒയുടെ ചുമതലയുള്ള വനംവകുപ്പ് ഉദ്യോഗസ്ഥൻ നടത്തിയ ചര്‍ച്ചയിലാണ് കടുവയെ പിടികൂടാൻ ഉത്തരവിറക്കുമെന്ന് അറിയിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button