കൊവിഡ് സീസണുകളില്‍ വരുന്ന രോഗമായി മാറിയേക്കും; ഞെട്ടിപ്പിക്കുന്ന പഠനം

ലോകജനത കൊവിഡ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. വൈറസിനെ പ്രതിരോധിക്കാന്‍ സാമൂഹിക അകലംപാലിക്കല്‍,മാസ്‌ക് നിര്‍ബന്ധമാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ഏവരും പാലിച്ച് പോരുകയാണ്. ഇതിനിടെ കൊവിഡിനെ കുറിച്ചുള്ള ശാസ്ത്രജ്ഞരുടെ ഏറ്റവും പുതിയ കണ്ടെത്തലാണ് ആശങ്കയുളവാക്കുന്നത്. കൊവിഡ് വൈറസ് ബാധ ഇനി കാലാവസ്ഥയ്ക്ക് അനുസരിച്ച് സീസണുകളില്‍ വരുന്ന രോഗമായി മാറിയേക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

കാലാവസ്ഥ മാറ്റം, അന്തരീക്ഷത്തിലെ താപനിലയിലെ വ്യതിയാനം തുടങ്ങിയ അവസ്ഥകളില്‍ രോഗപ്പകര്‍ച്ച വീണ്ടും പ്രകടമാകുമെന്നാണ് ലെബനനിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഓഫ് ബെയ്‌റൂട്ടിലെ ശാസ്ത്രജ്ഞര്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. സമൂഹം ആര്‍ജ്ജിത രോഗപ്രതിരോധശേഷി കൈവരിക്കുന്നതു വരെ ഇതു തുടരുമെന്നും പഠനത്തിന് നേതൃത്വം നല്‍കിയ ഡോ. ഹസ്സന്‍ സരാകാത് പറയുന്നു.

സമൂഹം പ്രതിരോധശേഷി നേടുന്നതുവരെ, കൊവിഡിന്റെ വിവിധ തരംഗങ്ങളാകും ഉണ്ടാകുക. ഇപ്പോള്‍ തന്നെ കൊവിഡിന് പലതരത്തില്‍ ജനിതകവ്യതിയാനം സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇന്‍ഫ്‌ളുവന്‍സ പോലുള്ള മറ്റ് ശ്വാസകോശ വൈറസുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍, കൊവിഡ് 19 ന് ഉയര്‍ന്ന തോതിലുള്ള സംക്രമണ നിരക്ക് ഉണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

സമൂഹം ആര്‍ജ്ജിത പ്രതിരോധ ശേഷി കൈവരിക്കുന്നതു വരെ ഓരോ വര്‍ഷവും മഹാമാരിയായി പൊട്ടിപ്പുറപ്പെടുമെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. മുഖാവരണം ധരിക്കുക, സാമൂഹിക അകലം പാലിക്കുക, വ്യക്തി ശുചിത്വം, സാനിറ്റൈസര്‍ ഉപയോഗം, കൂട്ടം ചേരല്‍ ഒഴിവാക്കല്‍ എന്നിവ തുടരണമെന്നും ഡോ. ഹസ്സന്‍ പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News