ന്യൂഡല്‍ഹി: സമൂഹവ്യാപനം നടന്നിട്ടില്ലെന്ന് കേന്ദ്രം ആവര്‍ത്തിച്ച് പറയുമ്പോഴും നിശബ്ദമായി കൊറോണ വൈറസ് വ്യാപനം നടക്കുന്നുവെന്നു തെളിയിക്കുന്നതാണ് ഇതുവരെ പുറത്തുവന്ന മിക്ക സിറോ സര്‍വേ ഫലങ്ങളും. പലയിടത്തും നല്ലൊരു ശതമാനം ആളുകള്‍ക്കു രോഗം വന്നുപോയതു രോഗിയോ സര്‍ക്കാരോ അറിഞ്ഞിട്ടില്ലെന്നതു തന്നെ പ്രധാന കാരണം. വേണ്ടത്ര പരിശോധന ഉണ്ടായില്ലെന്നത് ഇതിനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ലക്ഷണമില്ലാത്ത രോഗബാധ അപകടസാധ്യത വര്‍ധിപ്പിക്കുന്നു. മിക്ക നഗരങ്ങളിലും രോഗം പടര്‍ത്തിയത് ഇത്തരക്കാരാണെന്നു കരുതുന്നു. വലിയ വിഭാഗം ജനങ്ങള്‍ കൊവിഡ് പിടിപെടാന്‍ സാധ്യതയുള്ളവരുടെ ഗണത്തിലാണെന്ന് ഐസിഎംആര്‍ ആദ്യ സിറോ സര്‍വേ ഫലം പുറത്തുവിട്ടപ്പോള്‍ വ്യക്തമാക്കിയിരുന്നു. ഒടുവില്‍ പ്രസിദ്ധീകരിച്ച ഡല്‍ഹി സര്‍വേ ഫലത്തിലും ഇതാവര്‍ത്തിച്ചു. 77% പേര്‍ വൈറസിന്റെ നിഴലിലെന്നായിരുന്നു ഡല്‍ഹിയിലെ വിലയിരുത്തല്‍.
ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും കൊവിഡ് രൂക്ഷമായി ബാധിച്ച 10 നഗരങ്ങളില്‍ നടത്തിയ സര്‍വേയുടെ സൂചനകളും ഞെട്ടിക്കുന്നതാണ്. 8 – 49% ആണ് പല നഗരങ്ങളിലും രോഗം സ്ഥിരീകരിച്ചവരുടെ തോത്.