കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച പ്രതി ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി

കണ്ണൂര്‍: കണ്ണൂരില്‍ കൊവിഡ് സ്ഥിരീകരിച്ച മോഷണക്കേസ് പ്രതി തടവു ചാടി. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. ആറളം സ്വദേശിയായ ഇയാളെ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് കാണാതാകുന്നത്.

അഞ്ചരക്കണ്ടിയില്‍ നിന്ന് മട്ടന്നൂര്‍ വരെ പ്രതി ബസില്‍ പോയതായി കണ്ടെത്തിയിട്ടുണ്ട്. മട്ടന്നൂരില്‍ നിന്ന് ഓട്ടോറിക്ഷയില്‍ പോയതായും വിവരമുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് വരുകയാണ്.

റിമാന്‍ഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആറളം പോലീസ് സ്റ്റേഷനിലെ ഏഴ് പോലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചിട്ടുണ്ട്. ഒരു മൊബൈല്‍ ഫോണ്‍ മോഷണം പോയ കേസുമായി ബന്ധപ്പെട്ട് റമാന്‍ഡില്‍ കഴിയുകയായിരുന്ന പ്രതിയെ ഈ മാസം 21നാണ് ആറളം പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.

തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കുകയും തെളിവെടുപ്പിന് ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്കായി എത്തിക്കുകയും ചെയ്തു. കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ പ്രതിക്ക് കൊവിഡ് നെഗറ്റീവായിരുന്നെങ്കിലും പിന്നീട് കൊവിഡ് പോസിറ്റീവാവുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News