ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റില്‍ കുട്ടികളുടെ അശ്ലീലദൃശ്യങ്ങള്‍ തിരയുന്നവരുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ 95 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. മാര്‍ച്ച് 24 മുതല്‍ 26 വരെയുള്ള കണക്കാണിത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗൂഗിള്‍, വാട്‌സ് ആപ്പ്, ട്വിറ്റര്‍ എന്നിവര്‍ക്ക് ദേശീയ ബാലാവകാശ കമ്മീഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഏപ്രില്‍ 30നുള്ളില്‍ ഈ വിഷയത്തില്‍ മറുപടി അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായ ചില ആപ്പുകള്‍ മുഖേന കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നാണ് കമ്മീഷന്‍ നടത്തിയ സ്വതന്ത്രാന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിച്ചത്. ഈ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നവരിലേക്ക് കുട്ടികളുടെ അശ്ലീദൃശ്യങ്ങള്‍ എത്തിച്ചേരുന്നുണ്ടെന്നാണ് അന്വേഷണത്തില്‍ മനസിലായതെന്നും കമ്മീഷന്‍ പറയുന്നു.
വാട്‌സ് ആപ്പില്‍ ഇത്തരക്കാര്‍ക്കു വേണ്ടിയുള്ള എന്‍ക്രിപ്റ്റഡ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ ഗ്രൂപ്പുകളിലേക്ക് പ്രവേശിക്കാനുള്ള ലിങ്കുകള്‍ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് വാട്‌സ് ആപ്പിന് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
ട്വിറ്റര്‍ വഴിയും അശ്ലീല ലിങ്കുകള്‍ പ്രചരിക്കുന്നുണ്ട്. 13 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് ട്വിറ്റര്‍ അക്കൗണ്ട് എടുക്കാന്‍ സാധിക്കുമെന്നതിനാല്‍ ഇത് ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് കമ്മീഷന്‍ പറയുന്നത്. കുട്ടികളുടെ അക്കൗണ്ടിലേക്ക് മറ്റ് ഉപഭോക്താക്കള്‍ അശ്ലീല ചിത്രങ്ങളുടെയും ലൈംഗിക ദൃശ്യങ്ങളുടെയും ലിങ്കുകള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്യാന്‍ അനുവദിക്കരുതെന്നാണ് ട്വിറ്ററിന് അയച്ച നോട്ടീസില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.