KeralaNews

കൊവിഡ് പരിശോധന കൂടുതല്‍ വ്യാപകമാക്കണം:കലക്ടർമാർക്ക് അ മുഖ്യമന്ത്രിയുടെ നിർദ്ദേശം

എറണാകുളം: കോവിഡ് വ്യാപനമുണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിൻറെ ഭാഗമായി കൂടുതല്‍ ആളുകളെ കോവിഡ് ടെസ്റ്റിന് വിധേയമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി മുഖ്യമന്ത്രി ജില്ല കളക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ടെസ്റ്റ് വ്യാപകമാക്കാന്‍ നിര്‍ദേശം നല്‍കിയത്.

ദിവസേന ശരാശരി 200 സാംപിളുകള്‍ ഓരോ ജില്ലയിലും ശേഖരിക്കും. ആശങ്കപ്പെടാനുള്ള അവസ്ഥ നിലവില്‍ ഇല്ലെന്നും പക്ഷെ കരുതല്‍ പ്രധാനമാണെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
ലോക്ക് ഡൗണില്‍ നല്‍കുന്ന ഇളവുകള്‍ ജില്ല കളക്ടര്‍മാര്‍ക്ക് തീരുമാനിക്കാന്‍ സാധിക്കുമെങ്കിലും ഇളവുകള്‍ സംബന്ധിച്ച വിവരങ്ങള്‍ സംസ്ഥാന തലത്തില്‍ അറിയിക്കണം.

രോഗവ്യാപനത്തിനിടയാക്കുന്ന തരത്തിലുള്ള ഇളവുകള്‍ അനുവദിക്കരുത്. ജനങ്ങളുമായി ജില്ല ഭരണകൂടം സൗഹൃദപരമായി മുന്നോട്ടു പോവാൻ ശ്രമിക്കണം. ഹോട്ട്സ്പോട്ടുകള്‍ പൂര്‍ണമായി അടച്ചിടുന്നതിനാല്‍ അവശ്യ സാധനങ്ങളുടെ ലഭ്യത ഉണ്ടെന്ന് ഉറപ്പ് വരുത്തണം. കളക്ടര്‍മാര്‍ അനുവദിക്കുന്ന പാസുകളുടെ കാര്യത്തില്‍ സഹിഷ്ണുതാ മനോഭാവം വേണം. യാത്ര പാസുകള്‍ ദുരുപയോഗം ചെയ്യുന്ന അവസ്ഥ ഉണ്ടാവരുത്. യാത്ര തുടങ്ങി പാതി വഴിയില്‍ കുടുങ്ങിപ്പോയ ആളുകളുടെ കാര്യത്തില്‍ പരിഗണന നല്‍കണം.

റംസാൻ കാലത്ത് പള്ളികളിലും മറ്റും ആള്‍ക്കൂട്ടമുണ്ടാവുന്നില്ലെന്ന് പ്രാദേശിക മത നേതാക്കളുമായ ചര്‍ച്ച നടത്തി ഉറപ്പാക്കണം.
വ്യാജ മദ്യ നിര്‍മാണം തടയാനായി എക്സൈസുമായി ചേര്‍ന്ന് പ്രത്യേക പരിശോധന നടത്തണം. വന പാതകളിലൂടെ അതിര്‍ത്തി കടക്കുന്ന സംഭവങ്ങള്‍ തടയാനായി വനം വകുപ്പുമായി ചേര്‍ന്ന് പ്രത്യേക പരിശോധന ആരംഭിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കമ്മ്യൂണിറ്റി കിച്ചനുകളുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. അതിഥി തൊഴിലാളികളുടെ ക്യാംപുകളില്‍ ആരോഗ്യ പരിശോധനയുറപ്പാക്കണം. അവരുടെ ഭക്ഷണവും താമസവും സുരക്ഷയും ഉറപ്പ് വരുത്തണം.
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് നാട്ടിലേക്ക് വരാനാഗ്രഹിക്കുന്ന ആളുകളും നോര്‍ക്ക വഴി രജിസ്റ്റര്‍ ചെയ്യാനാവശ്യമായ നടപടി സ്വീകരിച്ചു വരികയാണ്.

കാര്‍ഷിക വിളകളുടെ വിളവെടുപ്പും വിപണനവും തടസമില്ലാതെ നടക്കുന്നുണ്ടെന്ന ഉറപ്പാക്കണം. പച്ചക്കറിയില്‍ സംസ്ഥാനം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നതിനാവശ്യമായ കാര്യങ്ങള്‍ നടപ്പാക്കണമെന്നും മുൻകാലങ്ങളെക്കാള്‍ മെച്ചമായ രീതിയിലാണ് സംസ്ഥാനം പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് ഇതര രോഗങ്ങളുടെ ചികിത്സ മുടങ്ങുന്നില്ലെന്ന് ഉറപ്പാക്കണം. മഴക്കാല പൂര്‍വ്വ ശുചീകരണങ്ങള്‍ ജൂണിന് മുമ്പായി പൂര്‍ത്തിയാക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

കായലുകളിലെയും നദികളിലെയും എക്കല്‍ നീക്കം ചെയ്യുന്നതിനും കാനകളുടെ വീതി കൂട്ടുന്നതിനും ശുചീകരിക്കുന്നതിനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണം.

പ്രവാസികളെ സ്വീകരിക്കാനുള്ള നടപടികള ജില്ല തലത്തില്‍ സ്വീകരിക്കണം. വീടുകളില്‍
നിരീക്ഷണത്തില്‍ കഴിയാനുള്ള സൗകര്യമില്ലാത്തവര്‍ക്കായുള്ള താമസ സൗകര്യം ജില്ല ഭരണകൂടം തയ്യാറാക്കണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker