മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് മഹാരാഷ്ട്ര. ഇവിടെ രോഗം കൂടുതലായും ബാധിച്ചിരിക്കുന്നത് 31നും 40നുമിടയില്‍ പ്രായമുള്ളവരെയെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കൊവിഡ് രോഗികളായ 97,407 പേരില്‍ നടത്തിയ പഠനത്തില്‍ 19,523 പേര്‍ 31നും 40നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവര്‍ ശ്വാസകോശ സംബന്ധമായ രോഗം ബാധിച്ചവരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
41നും 50നുമിടയില്‍ പ്രായമുള്ള 17,573 പേര്‍ക്കാണ് കൊവിഡ് ബാധിച്ചിട്ടുള്ളത്. 61നും 70നുമിടയില്‍ പ്രായമുള്ള 9,991 പേര്‍ക്കാണ് രോഗം പിടിപ്പെട്ടത്. പ്രായമുള്ളവര്‍ക്കാണ് കൊവിഡ് കൂടുതലായും പിടിപെടുക എന്ന ധാരണയെ കാറ്റില്‍പറത്തിയിരിക്കുകയാണ് ഈ റിപ്പോര്‍ട്ടുകള്‍.
10 വയസുവരെയുള്ള 3,225 കുട്ടികള്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 11നും 20നുമിടയില്‍ പ്രായമുള്ള 6,262 കുട്ടികള്‍ക്കും രോഗം ബാധിച്ചു. സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാര്‍ക്കാണ് കൊവിഡ് ബാധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 60,596 പുരുഷന്മാര്‍ക്കും 37,039 സ്ത്രീകള്‍ക്കുമാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇതുവരെ 101,141 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3,717 പേര്‍ മരിച്ചു.