തിരുവനന്തപുരം: കഴക്കൂട്ടം സീറ്റ് ലഭിച്ചില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍. സംസ്ഥാന നേതൃത്വവുമായി അഭിപ്രായ ഭിന്നതയിലായിരുന്ന ശോഭ മത്സരിക്കാനില്ലെന്ന് നേരത്തെ ദേശീയ നേതൃത്വത്തെ അറിയിച്ചിരുന്നു.
അതുകൊണ്ട് സംസ്ഥാന നേതൃത്വം നല്‍കിയ പട്ടികയില്‍ ശോഭാ സുരേന്ദ്രന്റെ പേരുണ്ടായിരുന്നില്ല. പിന്നീട് ദേശീയ നേതാവ് പ്രഹ്ളാദ് ജോഷി ഇടപെട്ട് ശോഭയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. അദ്ദേഹം ശോഭാ സുരേന്ദ്രനെ ഫോണില്‍ ബന്ധപ്പെട്ട് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടു. കഴക്കൂട്ടം സീറ്റ് നല്‍കിയാല്‍ മത്സരിക്കാമെന്ന് ശോഭ ഉറപ്പും നല്‍കി.
ശോഭയ്ക്ക് കഴക്കൂട്ടം നല്‍കാതിരിക്കാന്‍ കെ.സുരേന്ദ്രന്‍ രാജി ഭീഷണി മുഴക്കിയെന്നും വിവരമുണ്ട്. നേതൃപദവി ഒഴിയുമെന്നാണ് സുരേന്ദ്രന്‍ ഭീഷണി മുഴക്കിയത്. വി മുരളീധരനും ശോഭ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ എതിര്‍ത്തു. ദേശീയ നേതൃത്വം തെരഞ്ഞെടുപ്പ് സമിതിയിലും ശോഭ സുരേന്ദ്രന്റെ പേര് മുന്നോട്ടുവച്ചിരുന്നു.
അതേസമയം നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ ബിജെപി പ്രഖ്യാപിക്കാനിരിക്കേ രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപി ചികിത്സയിലാണ്. ന്യൂമോണിയ ബാധ എന്നാണ് സംശയം. 10 ദിവസത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
കേരളത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കാനിരിക്കേയാണ് സുരേഷ് ഗോപി ചികിത്സ തേടിയത്. സുരേഷ് ഗോപി തൃശൂരില്‍ നിന്ന് ജനവിധി തേടിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തിരുവനന്തപുരത്തും സുരേഷ് ഗോപിയുടെ പേര് പരിഗണനയിലുണ്ട്. സംസ്ഥാന ഘടകം നല്‍കിയ പട്ടിക ചില മാറ്റങ്ങളോടെ ഇന്നലെ തെരഞ്ഞെടുപ്പ് സമിതി അംഗീകരിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നു ഇന്നലെ തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നത്. എല്ലാ സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിച്ചേക്കില്ല. കഴക്കൂട്ടം പോലുള്ള ചില മണ്ഡലങ്ങള്‍ തല്‍ക്കാലം ഒഴിച്ചിടും. കെ സുരേന്ദ്രന്റെ പേര് മഞ്ചേശ്വരത്താണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോന്നിയിലും സുരേന്ദ്രന്‍ മത്സരിക്കണോ എന്നതില്‍ ദേശീയ നേതൃത്വം പിന്നീട് തീരുമാനമെടുക്കും. അല്‍ഫോണ്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയില്‍ സ്ഥാനാര്‍ത്ഥിയാകും.