തിരുവനന്തപുരം: ബി ജെ പി സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് ശോഭ സുരേന്ദ്രൻ. തനിക്ക് നേതാക്കളിൽ നിന്നും അഭിമാനക്ഷതമേറ്റെന്നും ഉള്ളിൽ കരഞ്ഞ് കൊണ്ടാണ് താൻ പാർട്ടി ചുമതലകളിൽ പ്രവർത്തിക്കുന്നതെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. ഒരു ചാനല്‍ അഭിമുഖത്തിൽ സംസാരിക്കുകായിരുന്നു അവർ.
‘പാർട്ടിക്കു വേണ്ടി ജീവിതത്തിൽ സർവസ്വവും നഷ്ടപ്പെടുത്തേണ്ട സാഹചര്യം വന്നിട്ടുണ്ട്. കുടുംബത്തിലെ പല റോളുകളും ഏറ്റെടുക്കാൻ കഴിയാതെ വന്നിട്ടുണ്ട്. അതിന് കാരണം കുടുംബത്തെക്കാൾ ഈ പ്രസ്ഥാനത്തെ സ്നേഹിച്ചത് കൊണ്ടാണ്. എന്നിട്ടും അങ്ങനെയൊരാളെ, സമൂഹമധ്യത്തിൽ പാർട്ടിക്കാരെക്കൊണ്ട് അപമാനിക്കുമ്പോൾ ഞാനാണോ ഉത്തരം പറയേണ്ടത്. ഞാൻ എന്താണ് ചെയ്യേണ്ടത്, ലതിക സുഭാഷിനെ പോലെ തലമൊട്ടയടിക്കണോ? അതോ എവിടെയെങ്കിലും നിരാഹാരം കിടക്കണോ.
ചില കാര്യങ്ങൾ സമൂഹത്തോട് തുറന്നു പറയേണ്ടിവരും. അത് പാർട്ടിയെ കൂടുതൽ നന്നാക്കാൻ വേണ്ടിയാണ്. അതിനപ്പുറത്ത് ഇത് അവസാനിക്കണമെന്നതാണ്. ശോഭ പാർട്ടി പരിപാടികളിൽ എന്തുകൊണ്ടാണ് പങ്കെടുക്കാത്തതെന്ന് താഴെതട്ടിൽ ചോദ്യം ഉയരുമ്പോൾ അതിന് ആരാണ് മറുപടി കൊടുക്കേണ്ടത്. പാർട്ടി ശക്തമല്ലാതിരുന്ന കാലത്ത് പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച നിരവധിയായ നേതാക്കൾ ഉണ്ട്. അത് കൂറെക്കൂടി വിശാലമായ രൂതിയിൽ കൈകാര്യം ചെയ്യേണ്ടത് സംസ്ഥാന അധ്യക്ഷൻ ആണെന്നാണ് എനിക്ക് തോന്നുന്നത്.
ബി ജെ പിക്ക് സംസ്ഥാനത്ത് പുതിയ പ്രഭാരിയായി പ്രകാശ് ജാവഡേക്കർ വന്നു. പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനായി മുന്നു തവണ ചർച്ച ചെയ്തു. പക്ഷെ, തന്നെയടക്കം പലരെയും മാറ്റി നിർത്തുകയാണ്. അതിന് ഉത്തരം പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും അവർ പറഞ്ഞു.തനിക്കെതിരായി പല വാർത്തകളും വരികയാണ്. ആരാണ് ഈ വാർത്തകൾ നൽകുന്നത്?’, ശോഭ സുരേന്ദ്രൻ ചോദിച്ചു.
കഴിഞ്ഞ കുറച്ച് നാളുകളായി പാർട്ടിയിൽ തന്നെ ഒതുക്കുകയാണെന്ന ആക്ഷേപം ശോഭ സുരേന്ദ്രൻ ഉന്നയിക്കുന്നുണ്ട്. സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യമായി തന്നെ ഇതിൽ അവർ ക്ഷോഭം പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ശോഭ മത്സരിച്ച ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും വി മുരളീധരൻ സ്ഥാനാർത്ഥിയാകാനുളള നേതൃത്വത്തിന്റെ നീക്കത്തിനെതിരേയും അടുത്തിടെ ശോഭ തുറന്നടിച്ചിരുന്നു.
ജനങ്ങൾ ആഗ്രഹിച്ചാൽ താൻ സ്ഥാനാർത്ഥിയാകുമെന്നായിരുന്നു ശോഭ പറഞ്ഞത്. നിലവിലെ സാഹചര്യത്തിൽ ശോഭയ്ക്ക് ലോക്സഭയിലേക്ക് മത്സരിക്കാൻ സീറ്റ് ലഭിച്ചേക്കില്ലെന്നാണ് സൂചന. ആറ്റിങ്ങലിന് പകരം കൊല്ലം നൽകണമെന്ന തരത്തിൽ ചർച്ച ഉണ്ടായിരുന്നുവെങ്കിലും ഈ സീറ്റ് ബിഡിജെഎസിന് നൽകാൻ നേതൃത്വം തീരുമാനിച്ചിരിക്കുകയാണെന്നാണ് വാർത്തകൾ.