KeralaNews

UCC:ഒന്നല്ല നാല് സെമിനാറുകൾ നടത്തും; പള്ളികളെ കുറിച്ച് ഇംഗ്ലണ്ടിൽ കണ്ട കാര്യമാണ് പറഞ്ഞത്: ഗോവിന്ദൻ

തിരുവനന്തപുരം: ഏക സിവില്‍കോഡിനെതിരെ സിപിഎം നാല് സെമിനാറുകള്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഏക സിവില്‍കോഡിനെതിരെ ലീഗടക്കമുള്ളവര്‍ നടത്തുന്ന പ്രതിഷേധ വേദികളില്‍ പങ്കെടുക്കുന്നതിന് സിപിഎമ്മിന് തടസ്സമില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി.

വര്‍ഗീയ ശക്തികളൊഴിച്ച് എല്ലാവരുടേയും പിന്തുണ വേണം. ഒരു നിലപാട് സ്വീകരിക്കുന്നവരെയാണ് ഞങ്ങള്‍ ക്ഷണിച്ചിട്ടുള്ളത്. കോണ്‍ഗ്രസിന് ഒരു നിലപാടില്ലാത്തത് കൊണ്ടാണ് അവരെ ക്ഷണിക്കാത്തത്. ഓരോ സംസ്ഥാനത്തും അവര്‍ക്ക് ഓരോ നിലപാടാണ്. നാല് സെമിനാറുകള്‍ നടത്താനാണ് തീരുമാനം. ഏക സിവില്‍കോഡിനെതിരെ അത്തരത്തില്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിനായി നിരവധി പ്രവര്‍ത്തനങ്ങളുണ്ടാകും.

മുസ്ലിം സമുദായത്തിനകത്ത് ഏകസിവില്‍കോഡിനെതിരെ ഒറ്റ മനസ്സാണ്. അത് സിപിഎം തിരിച്ചറിയുന്നുണ്ട്. മുസ്ലിം ലീഗ് യോഗത്തില്‍ പങ്കെടുക്കുകയോ പങ്കെടുക്കാതിരിക്കുകയോ ചെയ്യേണ്ടത് അവരുടെ തീരുമാനമാണ്. ഇവിടെയൊരു വിശാലമായ ഐക്യപ്രസ്ഥാനം രൂപപ്പെടണം. അതിന്റെ ഭാഗമായി ഒരു വിശാലമായ കാല്‍വെപ്പാണ് തങ്ങള്‍ നടത്തിയിട്ടുള്ളത്. അതില്‍ എല്ലാവരും പങ്കെടുക്കണമെന്ന് തങ്ങള്‍ക്ക് നിര്‍ബന്ധമില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.

‘ഹിന്ദുത്വ അജണ്ടയ്‌ക്കെതിരെ നിലപാട് എടുക്കുന്ന ആരുമായും ചേര്‍ന്ന് പോകാനാണ് ഞങ്ങളുടെ തീരുമാനം’ ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഇംഗ്ലണ്ടിലെ പള്ളികളെ കുറിച്ച് താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. ‘അവിടെ പോയപ്പോള്‍ കണ്ട ചിത്രം ഞാന്‍ പറഞ്ഞതാണ്. അത് ആര്‍ക്കെങ്കിലും വിഷമം ഉണ്ടാക്കാന്‍ വേണ്ടി പറഞ്ഞതല്ല’ ഗോവിന്ദന്‍ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളെ അപലപിച്ച് പാസ്റ്റര്‍ കൗണ്‍സില്‍ രംഗത്തെത്തിയിരുന്നു.

ക്രൈസ്തവ പൗരോഹിത്യത്തെയും സന്ന്യാസത്തെയും ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനമായിക്കണ്ട് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്തിയ സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന അപലപനീയമാണെന്ന് തലശ്ശേരി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ പ്രസ്താവന ഇറക്കിയിരുന്നു.

യൂറോപ്പിന്റെ സമഗ്രവികസനത്തിന് പുരോഹിതരുടെയും സന്ന്യസ്തരുടെയും നേതൃത്വത്തില്‍ ക്രൈസ്തവസഭ നല്‍കിയ സംഭാവനകള്‍ എന്തെന്നറിയാന്‍ ചരിത്രം പഠിക്കണം. അഞ്ചുദിവസത്തെ സന്ദര്‍ശനംകൊണ്ട് എല്ലാം പഠിച്ചെന്നരീതിയില്‍ അദ്ദേഹം നടത്തിയ പ്രസ്താവനകളെ വിശ്വാസിസമൂഹം തികഞ്ഞ അവജ്ഞയോടെ തള്ളിക്കളയും.

കേരളത്തിന്റെ നവോത്ഥാനത്തിന് ഇവിടത്തെ ക്രൈസ്തവസമൂഹം നല്‍കിയ സംഭാവനകള്‍ തമസ്‌കരിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തുന്നതിലെ ദുഷ്ടലാക്ക് വിശ്വാസിസമൂഹം തിരിച്ചറിയുമെന്നും പാസ്റ്ററല്‍ കണ്‍സില്‍ ജനറല്‍ സെക്രട്ടറി ഫാ. ജോസഫ് മുട്ടത്തുകുന്നേല്‍, സെക്രട്ടറി ജോര്‍ജ് തയ്യില്‍ എന്നിവര്‍ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker