KeralaNews

കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാമെന്ന തന്റേടമുണ്ട്,ആറ്റിങ്ങലിൽ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചാൽ താൻ മത്സരിക്കുക തന്നെ ചെയ്യും, തുറന്നടിച്ച് ശോഭ സുരേന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാന ബിജെപി ഘടകത്തിൽ പ്രസിഡന്റ് കെ സുരേന്ദ്രനും വനിതാ നേതാവ് ശോഭാ സുരേന്ദ്രനും തമ്മിലുള്ള തർക്കം പൊതുമധ്യത്തിലേക്ക്. ദേശീയ അധ്യക്ഷൻ ജെ പി നദ്ദ പങ്കെടുത്ത യോ​ഗത്തിൽ ഉൾപ്പെടുത്താത്തതാണ് ശോഭാ സുരേന്ദ്രനെ ചൊടിപ്പിച്ചത്.

അതിനിടെ ലോക്സഭ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്ന് വി മുരളീധരൻ മത്സരിക്കുമെന്ന വാർത്തയും പുറത്തുവന്നിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശോഭ മത്സരിച്ച മണ്ഡലമാണ് ആറ്റിങ്ങൽ. സുരേന്ദ്രൻ-ശോഭ സുരേന്ദ്രൻ പോര് നേരത്തെയും വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

ജെ പി നദ്ദയുടെ യോഗത്തിലേക്ക് തന്നെ വിളിക്കാത്തതിൽ മറുപടി പറയേണ്ടത് കെ. സുരേന്ദ്രനാണെന്നാണ് ശോഭ പ്രതികരിച്ചത്. ബിജെപി വ്യക്തികളുടെ പ്രസ്ഥാനമല്ലെന്നും ചില പ്രത്യേക സാഹചര്യങ്ങളിൽ കസേരയിൽ ഇരുത്താത്തതുകൊണ്ടാണ് ചോദ്യങ്ങൾ ഉയരുന്നതെന്നും അവർ പ്രതികരിച്ചു. തന്നെ ക്ഷണിക്കാത്തതിൽ വേദനയുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

കസേരയിൽ ഇരുന്നില്ലെങ്കിലും പണിയെടുക്കാമെന്ന തന്റേടമുണ്ടെന്നും ശോഭ പ്രതികരിച്ചു. രാഷ്ട്രീയ ഇടനാഴിയിലെ പിന്നാമ്പുറ ചർച്ചകൾക്ക് നേതൃത്വം കൊടുക്കുന്നവർ ആരാണെങ്കിലും പുകച്ച്  പുറത്തു കൊണ്ടുവരും. ആറ്റിങ്ങലിൽ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിച്ചാൽ താൻ മത്സരിക്കുക തന്നെ ചെയ്യും.

ബിജെപിയിൽ ഇതുവരെ സ്ഥാനാർത്ഥികളെ നിശ്ചയിച്ചിട്ടില്ല. അണിയറയിലെ അവിശുദ്ധ രാഷ്ട്രീയ സഖ്യം കേരളത്തിന്റെ മണ്ണിൽ ഉണ്ടാകാൻ പാടില്ലെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. അതേസമയം, ശോഭാ സുരേന്ദ്രന്റെ പ്രതികരണങ്ങൾക്ക് സുരേന്ദ്രൻ വ്യക്തമായ മറുപടി നൽകിയില്ല. ഇക്കാര്യത്തിൽ മറുപടി പറയാനില്ലെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button