കോട്ടയം: ഫേസ്ബുക്കില്‍ മോശം കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കി യുവ ഡോക്ടര്‍. സമകാലിക വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി മുന്നേറുന്ന ഡോ. ഷിനു ശ്യാമളനാണ് ഫേസ്ബുക്കില്‍ മോശം കമന്റിട്ട ഞെരമ്പ് രോഗിയെ കണ്ടം വഴി ഓടിച്ചത്. തന്നോട് മോശമായി പെരുമാറിയ ആളോട് അതേ നാണയത്തില്‍ തന്നെ തിരിച്ചടിച്ച ഷിനു ശ്യാമളനെ അഭിനന്ദിച്ചും വിമര്‍ശിച്ചും ഇതിനോടകം നിരവധി പേര്‍ രംഗത്ത് വന്നു കഴിഞ്ഞു. എന്നാല്‍ വിമര്‍ശനങ്ങള്‍ വക വെക്കാതെ അവയ്ക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് യുവ ഡോക്ടര്‍.
ഷിനു ശ്യാമളന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം വായിക്കാം
ഒരു പെണ്ണിനെ പറ്റി ഏറ്റവുമധികം കുറ്റം പറയുന്നത് ഒരു പെണ്ണ് തന്നെയാണ്. എന്റെ ജീവിതാനുഭവത്തിൽ നിന്ന് പഠിച്ചത് അതാണ്. നേരെ മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകും. അത് അവരുടെ കാഴ്ച്ചപ്പാട്.
പോസിറ്റീവ് കാര്യങ്ങൾ പറയുകയും ചെയ്യുകയും വഴി പോസിറ്റീവ് എനർജി ലഭിക്കും.നേരെ മറിച്ചു ഒരു പണിയുമില്ലാത്തവർ ഓടി നടന്നു കഷ്ടപ്പെടുന്നവരെ കുറ്റപ്പെടുത്തും. വെറുതെ ഇല്ലാ കഥകൾ ചമഞ്ഞു കുറ്റം പറഞ്ഞു നെഗറ്റീവ് എനർജി പടർത്തും. അവരോടു സംസാരിച്ചു കഴിയുമ്പോൾ നമ്മളിലും നെഗറ്റീവ് എനർജി ഉണ്ടാകും. ഒരു ഗുണവുമില്ല അത്തരക്കാരുടെ പരദൂഷണം കേട്ടിട്ട്.
അവരും നന്നാകില്ല മറ്റുള്ളവർ നന്നാവുന്നത് അവർക്ക് ഇഷ്ടവുമില്ല.
ഈ താഴെ സ്ക്രീൻഷോട്ടിലുള്ള കമെന്റ് എഴുതിയ പുരുഷൻ മാന്യനും മറുപടി കൊടുത്ത ഞാൻ വൃത്തികെട്ടവളുമാണത്രേ. ഒരു സ്ത്രീയുടെ കണ്ടുപിടുത്തം ആണത്.
എന്റെ ന്യായങ്ങൾ ഇതാണ്.
1.എന്തുകൊണ്ട് ഞാൻ ആരുമറിയാതെ മിണ്ടാതെ ആ കമെന്റ് ഡിലീറ്റ് ആക്കിയില്ല? ഞാൻ മിണ്ടാതെ ആ കമെന്റ് ഡിലീറ്റ് ആക്കിയിരുന്നെങ്കിൽ നാളെ അയാൾ മറ്റൊരു സ്ത്രീയോടും ഇതേ രീതിയിൽ സംസാരിക്കും. ഇത്തരത്തിൽ ഞാൻ മറുപടി കൊടുത്തത് കൊണ്ട് അയാൾ തന്നെ ആ കമെന്റ് ഡിലീറ്റ് ആക്കി കണ്ടം വഴി ഓടി.
2. എന്തുകൊണ്ട് പോലീസ് കേസ് കൊടുത്തില്ല?
ഒരു വർഷം മുൻപ് ഒരുത്തൻ പട്ടാപ്പകൽ എന്നെ ഉപദ്രവിച്ചിട്ട് കേസ് കൊടുത്തിട്ട് ഇന്നെ വരെ ആ കേസ് എങ്ങും എത്തിയിട്ടില്ല. അതുകൊണ്ട് അതിലും നല്ലത് ഉരുളയ്ക്ക് ഉപ്പേരി എന്നത് പോലെയുള്ള മറുപടിയാണ്.
3. ഞാൻ വളരെ സഭ്യമായി എന്തുകൊണ്ട് മറുപടി കൊടുത്തില്ല? സഭ്യമായി മറുപടി കൊടുക്കാൻ തോന്നിയില്ല. കാരണം അയാൾ അത്തരം വൃത്തികേടാണ് ആദ്യം കമെന്റ് ചെയ്തത്. അയാൾ സഭ്യത അർഹിക്കുന്നില്ല എന്ന് തന്നെയാണ് എന്റെ പക്ഷം.
പുരുഷൻ മാന്യനും സ്ത്രീയെ കുറ്റകാരിയുമാക്കുന്നത് ചിലർക്ക് ഒരു ഹരമാണ്.
പൊന്നു ചേച്ചി ചൊറിച്ചിലിന് വല്ല ക്രീമും എടുത്തു തേച്ചു മിണ്ടാതെയിരിക്കു. അല്ലെങ്കിൽ ആ നാക്ക് കുറ്റം പറഞ്ഞു കഴയ്ക്കും.
ഒരു പെണ്ണിനെ പറ്റി ഏറ്റവുമധികം കുറ്റം പറയുന്നത് ഒരു പെണ്ണ് തന്നെയാണ്. എന്റെ ജീവിതാനുഭവത്തിൽ നിന്ന് പഠിച്ചത് അതാണ്. നേരെ…
Posted by Shinu Syamalan on Friday, January 10, 2020