കൊച്ചി:നാൾക്ക് നാൾ സിനിമാ രംഗത്ത് തിരക്കേറുകയാണ് നടൻ ഷെെൻ ടോം ചാക്കോയ്ക്ക്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഷൈൻ ടോം ചാക്കോ അഭിനയിച്ച സിനിമകളുടെ എണ്ണം ചെറുതല്ല. നായക വേഷവും സഹനായക വേഷവും വില്ലൻ വേഷത്തിലൂടെയുമെല്ലാം നടൻ പ്രേക്ഷകർക്ക് മുമ്പിലെത്തി. എന്തുകൊണ്ട് ഷൈനിന് ഇത്ര മാത്രം അവസരങ്ങൾ ലഭിക്കുന്നു എന്ന് പലപ്പോഴും പ്രേക്ഷകർക്ക് കൗതുകമുണ്ട്.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിലും ഷൈൻ ടോം ചാക്കോ സജീവമായി പങ്കെടുക്കാറുണ്ട്. തിരക്കേറിയ നടനാണെങ്കിലും ഷൈനിന് നേരെ വ്യാപക വിമർശനങ്ങളും ട്രോളുകളും വരാറുണ്ട്. അഭിമുഖങ്ങളിലെ ഷൈനിന്റെ പെരുമാറ്റവും സംസാരങ്ങളുമാണ് ഇതിന് കാരണമാകാറ്. നടൻ ലഹരി ഉപയോഗിച്ചാണ് അഭിമുഖങ്ങളിൽ വരുന്നതെന്ന് വരെ വിമർശകർ ആരോപിക്കാറുണ്ട്. എന്നാൽ ഇത്തരം ആക്ഷേപങ്ങളൊന്നും ഷൈൻ ടോം ചാക്കോ കാര്യമാക്കാറില്ല.
ഷൈൻ ടോം ചാക്കോ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ലഹരിക്കേസിൽ ജയിലിലായ നാളുകളെക്കുറിച്ച് നടൻ സംസാരിച്ചു. അറുപത് ദിവസം ജയിലിൽ കിടന്നു. നാളെ പടം ഉണ്ടാകുമോ സിനിമയിലേക്ക് ആരെങ്കിലും വിളിക്കുമോ എന്ന ടെൻഷൻ ഉണ്ടായിരുന്നു. അപ്പോൾ മനസ് തന്നെ സംസാരിച്ചു. നല്ല കഥാപാത്രങ്ങൾ മാത്രമല്ല വില്ലൻ കഥാപാത്രങ്ങളും സിനിമയിൽ ഉണ്ടാകും. അത് നിനക്കല്ലേ കിട്ടൂയെന്ന്.
ജാമ്യം കിട്ടാത്തതിന്റെ ടെൻഷനുണ്ടാകും. പുറത്തിറങ്ങിയാൽ കുറപ്പേർ റോങ് അടിപ്പിക്കാൻ വരും. പ്രത്യേകിച്ചും ഉദ്യോഗസ്ഥൻമാർ. ഒരാളെ ജയിലിടുന്നത് അവൻ നന്നായി വരാനും പിന്നീട് നന്നായി ജീവിക്കാനും വേണ്ടിയാണ്. പക്ഷെ ജയിലിലിട്ട ശേഷം സമൂഹം അവനെ വീണ്ടും തെറ്റിലേക്ക് കൊണ്ട് പോകുകയാണെന്നും ഷെെൻ ടോ ചാക്കോ ആരോപിച്ചു.
പിന്നീട് ഇതേക്കുറിച്ച് സംസാരിച്ചാൽ മനസിലാകുന്ന ആരുമില്ല. കുടുംബത്തോട് ഇത് സംസാരിക്കാൻ പറ്റില്ല. ഇത്രയും കാലമായിട്ടും ഇതേക്കുറിച്ചും ഒന്നും ചോദിക്കാത്തവരുണ്ട്. അവർ ചെയ്യുന്നത് നല്ലതാണ്. ചിലർ എല്ലാം ചോദിക്കും. പക്ഷെ തനിക്കെങ്ങനെ പറയാൻ സാധിക്കുമെന്നും ഷൈൻ ടോം ചാക്കോ ചോദിച്ചു.
2015 ലാണ് ഷൈൻ ടോം ചാക്കോ ലഹരിക്കേസിൽ ജയിലിലായത്. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വെച്ച് ഷൈനിനെയും നാല് യുവതികളെയും കൊക്കെയ്ൻ ഉപയോഗിച്ചെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാൽ ഈ കേസിന് പിന്നിൽ ഗൂഢാലോചന നടന്നെന്നാണ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഷൈൻ ടോം ചാക്കോ പ്രതികരിച്ചത്.
അടുത്തിടെ നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹബന്ധം പരാജയപ്പെട്ടതിനെക്കുറിച്ച് ഷൈൻ ടോം ചാക്കോ പറയുകയുണ്ടായി. ആകെ ഒരു പ്രാവശ്യമാണ് പ്രണയത്തിലായത് കല്യാണത്തിന് ശേഷം അത് വളരെ കോംപ്ലിക്കേറ്റഡായിരുന്നു. എനിക്ക് റിലേഷനായി മുന്നോട്ട് കൊണ്ട് പോകാൻ അറിയില്ല. അത്കൊണ്ട് പാർട്ണറും കുറച്ച് ബുദ്ധിമുട്ടി. ഞാനും ചുറ്റുപാടും ഉള്ളവരും ബുദ്ധിമുട്ടിയെന്നും ഷെെൻ അന്ന് തുറന്ന് പറഞ്ഞു.
സഹസംവിധായകനായാണ് ഷൈൻ ടോം ചാക്കോ സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. 9 വർഷം സംവിധായകൻ കമലിന്റെ സിനിമകളിൽ അസിസ്റ്റന്റായി പ്രവർത്തിച്ച ശേഷമാണ് ഷൈൻ ഗദ്ദാമ എന്ന ചിത്രത്തിലൂടെ അഭിനയത്തിലേക്ക് കടക്കുന്നത്. പിന്നീട് ഷൈൻ സിനിമകളിൽ സജീവമായി. ഇന്ന് മറുഭാഷകളിൽ നിന്നും ഷൈനിന് അവസരങ്ങൾ വരുന്നു. ദസറ എന്ന ചിത്രത്തിലൂടെ തെലുങ്ക് സിനിമാ രംഗത്തേക്കും ഷൈൻ കടന്നത് അടുത്തിടെയാണ്