KeralaNews

തുടര്‍ച്ചയായി ആവി പിടിച്ചാല്‍ കൊവിഡ് നശിക്കും! ഡോ. ഷിംന അസീസ് പറയുന്നു

കൊവിഡിനെതിരെ പല തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ അടക്കം പ്രചരിക്കുന്നുണ്ട്. ഒടുവിലായി ആവി വാരാചരണം വഴി കൊറോണ് വൈറസ് മൂക്കിനകത്ത് വെന്ത് മരിക്കും, ലോകം കൊറോണ മുക്തമാകും എന്ന വാര്‍ത്തയാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്. സംഭവത്തിന് പിന്നിലെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. ഈ പ്രചരണം വെറും വ്യാജമാണെന്നും ഡോക്ടര്‍ പറഞ്ഞു.

ഡോ.ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘ആവി വാരാചാരണം’ വഴി കൊറോണ വൈറസ് മൂക്കിനകത്ത് വെന്ത് മരിക്കും, ലോകം കൊറോണ മുക്തമാകും എന്ന പോസ്റ്റ് വാട്ട്സ്ആപ്പിലും ഫേസ്ബുക്കിലും അറഞ്ചം പുറഞ്ചം ഷെയര്‍ ചെയ്ത് ആത്മസായൂജ്യമടയുന്ന നെന്മമരങ്ങളേ… ഇവിടെ കമോണ്‍…

ഇവിടെ ഒരു ഡോക്ടറും സെപ്റ്റംബര്‍ 25 മുതല്‍ ഒക്ടോബര്‍ 1 വരെ രണ്ട് നേരം ചൂടുള്ള നീരാവി മൂക്കില്‍ വലിച്ച് കയറ്റിയാല്‍ കൊവിഡ് രോഗം ബാധിക്കില്ലെന്നോ മാറുമെന്നോ പറഞ്ഞിട്ടില്ല. വെറും വ്യാജപ്രചരണമാണത്. മൂക്കടപ്പ് തോന്നിയാല്‍ അതിന് ആശ്വാസം കിട്ടാനും മൂക്കിനകത്തെ മൂക്കട്ടയെന്ന് നമ്മള്‍ വിളിക്കുന്ന സ്രവത്തിന്റെ കട്ടി കുറയാനും ആണ് ആവി പിടിക്കുന്നത്. ഒന്നൂടി വ്യക്തമാക്കിയാല്‍ ലക്ഷണങ്ങളെ ചികിത്സിക്കുന്ന, രോഗിക്ക് കംഫര്‍ട്ട് കൊടുക്കാനുള്ള ഒരു സൂത്രപ്പണി മാത്രമാണത്. ഇതിന് പ്രത്യേകിച്ച് ശാസ്ത്രീയ അടിസ്ഥാനമൊന്നുമില്ല.

മറ്റൊരു കാര്യം, മൂക്കിലും തൊണ്ടയിലും മാത്രം എത്തുന്ന ചൂടുള്ള ആവി ശ്വാസകോശത്തിനകത്ത് കുടുംബവും പ്രാരാബ്ധവുമായി കൂടിയിരിക്കുന്ന കോവിഡ് വൈറസിനെ കൊല്ലാന്‍ ശേഷിയുള്ളതല്ല. വെറുതേ രണ്ട് നേരം ആവി മൂക്കില്‍ കേറ്റാന്‍ വെള്ളം ചൂടാക്കാനുള്ള ഗ്യാസും കറന്റും വേസ്റ്റാക്കരുത്.

അശ്രദ്ധമായി ചെയ്താല്‍ പൊള്ളലേല്‍ക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്ന ന്യൂനതയുമുണ്ട് ഈ പരിപാടിക്ക്, പ്രത്യേകിച്ച് കുഞ്ഞിമക്കള്‍ക്ക്. അത്തരം കേസുകള്‍ ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പഴത്തെ സാഹചര്യത്തില്‍ വഴീക്കൂടെ പോണോര് മുഴുവന്‍ രാവിലേം വൈകീട്ടും ആവി വലിച്ച് മൂക്കിലും അണ്ണാക്കിലും കേറ്റി പൊള്ളിക്കാന്‍ നിന്നാല്‍ അതൂടി ചികിത്സിക്കാന്‍ ഞങ്ങള്‍ക്ക് തല്‍ക്കാലം നിര്‍വ്വാഹമില്ല. വെറുതേ നിങ്ങക്കും ഞങ്ങള്‍ക്കും പണിയുണ്ടാക്കരുത് സൂര്‍ത്തുക്കളേ.

ഇതൊക്കെ ഷെയര്‍ ചെയ്യുന്ന നേരത്ത് കൊറോണ വരാതിരിക്കാന്‍ കൈകള്‍ കഴുകൂ, മാസ്‌ക് ധരിക്കൂ, സാമൂഹിക അകലം പാലിക്കൂ, വെറുതെ വായും പൊളിച്ച് അലഞ്ഞുതിരിഞ്ഞ് നടന്ന് സ്വയം ഒരു സാമൂഹികദുരന്തം ആകാതിരിക്കൂ. വേണേല്‍ അതെഴുതി നാല് പേര്‍ക്കയച്ച് കൊടുത്ത് മാതൃകാമാനവരാകൂ…

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker