‘ഉമ്മ പേടിക്കേണ്ട, ഒന്നും ഇല്ല, ഈ കൈകള്‍ കോര്‍ത്തു പിടിച്ചാണ് മകള്‍ മരണത്തിലേക്ക് തെന്നി വീണത്’ വിതുമ്പി ഷഹലയുടെ മാതാവ്

വയനാട്: ”മോള്‍ പോയി. ഇനി ആര്‍ക്കും ഇങ്ങനെ സംഭവിക്കരുത്. മറ്റൊരാളും ചികിത്സ കിട്ടാതെ മരിക്കരുത്. ഈ കൈകള്‍ കോര്‍ത്തു പിടിച്ചാണ് മകള്‍ മരണത്തിലേക്ക് തെന്നി വീണത്. ഇനി ആരെയും കുറ്റപ്പെടുത്താന്‍ ഇല്ല” ഷഹല ഷെറിന്റെ മാതാവ് അഡ്വ. സജ്‌ന ആയിഷയുടെ വാക്കുകളാണിത്.

നാലാം ക്ലാസു വരെ ബത്തേരി സെന്റ് ജോസഫ്‌സില്‍ പഠിച്ച ഷഹലയെ അഞ്ചാം ക്ലാസിലാണ് സര്‍വജന സ്‌കൂളില്‍ ചേര്‍ത്തത്. പാമ്പ് കടിയേറ്റതാണെന്നും ബത്തേരി ഗവ. താലൂക്കാശുപത്രിയിലാണുള്ളതെന്നും ഷഹലയുടെ പിതാവ് അഡ്വ. അബ്ദുല്‍ അസീസ് ഫോണില്‍ അറിയിച്ചപ്പോള്‍ സജ്‌ന വേഗം ആശുപത്രിയിലേക്ക് പുറപ്പെട്ടു. അപ്പോഴാണ് അവളുടെ ഫോണ്‍ വന്നത്. ‘ഉമ്മ പേടിക്കേണ്ട, ഒന്നും ഇല്ല”. പിന്നെയാണ് ഷഹല ഛര്‍ദിച്ചത് അറിഞ്ഞത്. അങ്ങനെയാണ് ആശുപത്രിയില്‍ ഓടിയെത്തിയത്.

‘ഇടക്ക് ശ്വാസതടസം നേരിടുന്ന അവസ്ഥയിലാണ് ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടത്. കണ്ണുകള്‍ അടഞ്ഞുപോകാതിരിക്കാന്‍ അവള്‍തന്നെ തുറന്നു പിടിച്ചു. പിന്നെ തളര്‍ച്ച കൂടിയപ്പോള്‍ ചേലോട് ആശുപത്രിയിലെത്തിച്ചു. ഈ കൈകള്‍ കോര്‍ത്തു പിടിച്ചാണ് മകള്‍ മരണത്തിലേക്ക് തെന്നി വീണത്. ഇനി ആരെയും കുറ്റപ്പെടുത്താന്‍ ഇല്ല’ -സജ്‌ന കണ്ണീരോടെ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News