തിരുവനന്തപുരം: വിലക്കയറ്റത്തിനെതിരെയുള്ള പ്രധാനമന്ത്രിയുടെ പഴയ വിഡിയോ പങ്കുവച്ച് ശശി തരൂര്‍ എം.പി. 2013ല്‍ മുന്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിക്കുന്ന മോദിയുടെ പ്രസംഗമാണ് തരൂര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിലക്കയറ്റം മൂലം പാവപ്പെട്ടവര്‍ എങ്ങനെ ജീവിക്കുമെന്നാണ് ഇപ്പോഴത്തെ പ്രധാനമന്ത്രി വിഡിയോയില്‍ ചോദിക്കുന്നത്.
ഇതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്ന തലക്കെട്ടോടെയാണ് തരൂരിന്റെ പോസ്റ്റ്. 2013ല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദി മന്‍മോഹന്‍ സിംഗിനെതിരെ രൂക്ഷ വിമര്‍ശനമാണ് വിഡിയോയില്‍ ഉന്നയിക്കുന്നത്. ‘ അവശ്യ സാധനങ്ങളുടെ വില ഇങ്ങനെയാണെങ്കില്‍ പാവപ്പെട്ടവന്‍ എന്ത് കഴിക്കും? വിലക്കയറ്റത്തെ പറ്റി പ്രധാനമന്ത്രി(മന്‍മോഹന്‍ സിംഗ്) ഒരക്ഷരം മിണ്ടുന്നുണ്ടോ? പ്രധാന മന്ത്രിയ്ക്ക് അഹങ്കാരമാണ്.” മോദി പറയുന്നു.
കുട്ടികള്‍ രാത്രി വിശന്ന് നിലവിളിക്കുകയാണ്. അമ്മമാര്‍ കണ്ണീര്‍ കുടിച്ച് ഉറങ്ങുന്നു. ഇന്ത്യയില്‍ ഇന്ന് ജീവിക്കാന്‍ വയ്യാത്ത സ്ഥിതിയാണ്. ഇത്രയൊക്കെ ആയിട്ടും രാജ്യം ഭരിക്കുന്നവര്‍ക്ക് ദരിദ്രരെ കുറിച്ച് ചിന്തയില്ല. പാചകവാതക സിലിണ്ടറിന് നമസ്‌ക്കാരം പറഞ്ഞിട്ട് വേണം വോട്ട് ചെയ്യാന്‍ പോകേണ്ടതെന്നും പ്രസംഗത്തില്‍ മോദി പറയുന്നുണ്ട്.