സ്വര്‍ണ വിലയില്‍ കുതിപ്പ്

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇന്ന് മുന്നേറ്റം. 160 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,400 രൂപയായി. ഗ്രാമിന് 20 രൂപ വര്‍ധിച്ചു. 4800 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസം തുടങ്ങിയതിനു ശേഷം സ്വര്‍ണ വില രണ്ട് തവണയാണ് കുറഞ്ഞത്. കഴിഞ്ഞമാസം ഒന്‍പതിന് സമീപ കാലത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 40,560 രൂപയായിരുന്നു വില. പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്.

മാര്‍ച്ചില്‍ പവന് 760 രൂപയുടെ വര്‍ധനയാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഉണ്ടായത്. മാര്‍ച്ച് ഒന്‍പതിന് പവന് 40,560 രൂപ വരെയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. ഇതാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. എന്നാല്‍ ഉച്ചകഴിഞ്ഞ് 39,840 രൂപയായി വില ഇടിഞ്ഞിരുന്നു. മാര്‍ച്ച് ഒന്നിന് പവന് 37,360 രൂപയായിരുന്നു സ്വര്‍ണ വില. ഇതാണ് മാര്‍ച്ചിലെ ഏറ്റവും കുറഞ്ഞ നിരക്ക്.കഴിഞ്ഞ മാസം കൂടിയും കുറഞ്ഞുമായിരുന്നു സ്വര്‍ണ വില.

വിവാഹ സീസണിന് മുന്നോടിയായി സ്വര്‍ണ വിലയില്‍ സ്ഥിരതയുണ്ടാകുമോ എന്നതാണ് മിക്കവരും ഉറ്റു നോക്കുന്നത്. ഡല്‍ഹി,മുംബൈ നഗരങ്ങളില്‍ ഉള്‍പ്പെടെ 22 കാരറ്റിന്റെ 10 ഗ്രാം സ്വര്‍ണത്തിന് 47, 650 രൂപയായി കഴിഞ്ഞ ദിവസങ്ങളില്‍ വില ഉയര്‍ന്നിരുന്നു. സംസ്ഥാന നികുതികള്‍, എക്‌സൈസ് തീരുവ, പണിക്കൂലി തുടങ്ങിയ വിവിധ ഘടകങ്ങള്‍ മൂലം, രാജ്യത്തുടനീളമുള്ള വിവിധ നഗരങ്ങളില്‍ സ്വര്‍ണ്ണ വിലയില്‍ വ്യത്യാസമുണ്ട്.

റഷ്യ-യുക്രൈന്‍ യുദ്ധ പ്രതിസന്ധിയെ തുടര്‍ന്ന് രാജ്യാന്തര വിപണിയില്‍ ഉണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും സ്വര്‍ണ വില കഴിഞ്ഞമാസം ഉയര്‍ത്തിയത്. ട്രോയ് ഔണ്‍സിന് മാര്‍ച്ചില്‍ 2,000 ഡോളറിന് മുകളിലേക്ക് വില കുതിച്ചിരുന്നു. എന്നാല്‍ പിന്നീട് വില ഇടിഞ്ഞു. യുദ്ധ പ്രതിസന്ധി തന്നെയാണ് സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിന്റെ വില പെട്ടന്ന് വര്‍ദ്ധിപ്പിച്ചത്. ഡോളര്‍ കരുത്താര്‍ജിക്കുന്നതുള്‍പ്പെടെയുള്ള കാരണങ്ങളാല്‍ പിന്നീട് വില കുറയുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News