തിരുവനന്തപുരം: പാറശാല ഷാരോണ്‍ രാജ് വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മ കോടതിയില്‍ മൊഴിമാറ്റി. ക്രൈം ബ്രാഞ്ചിന്റെ കടുത്ത സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കുറ്റസമ്മതം നടത്തിയതെന്നാണ് ഗ്രീഷ്മ കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്. കേസില്‍ നിന്നും തന്റെ അമ്മയെയും അമ്മാവനെയും ഒഴിവാക്കാമെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞതു വിശ്വസിച്ചാണ് കുറ്റമേറ്റതെന്നാണ് ഗ്രീഷ്മ കോടതിയില്‍ നല്‍കിയ രഹസ്യ മൊഴി.
ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അട്ടക്കുളങ്ങര വനിത ജയിലില്‍ നിന്ന് അന്വേഷണസംഘം ഗ്രീഷ്മയുമായി നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ എത്തിയത്. അഭിഭാഷകനുമായി രണ്ട് മിനിറ്റ് തനിച്ച് സംസാരിക്കാന്‍ ഗ്രീഷ്മക്ക് അവസരം നല്‍കിയ പോലീസ് 12 .20ന് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിനായി രണ്ടാം ക്ലാസ് മജിസ്‌ട്രേറ്റ് വിനോദ് ബാബുവിന്റെ മുറിയില്‍ എത്തിച്ചു. ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തണമോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് ഗ്രീഷ്മ വേണമെന്ന് മറുപടി നല്‍കിയതോടെ മുഴുവന്‍ ഉദ്യോഗസ്ഥരെയും പുറത്തുനിര്‍ത്തി ക്യാമറയില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയാണ് മജിസ്‌ട്രേറ്റിന്റെ മുറിയില്‍ വച്ച് രഹസ്യമൊഴി രേഖപ്പെടുത്തിയത്.
ഷാരോണിനെ കൊലപ്പെടുത്താനായി പലതവണ ജ്യൂസില്‍ കീടനാശിനി കലര്‍ത്തി നല്‍കിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ രഹസ്യമൊഴിയില്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചു. ചോദ്യം ചെയ്യലിന്റെ ആദ്യ ദിനം തന്നെ ഗ്രീഷ്മ കുറ്റം സമ്മതിക്കുകയായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. വേറെ വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാനായി കഷായത്തില്‍ വിഷം കലര്‍ത്തിയെന്നാണ് പെണ്‍കുട്ടി പോലീസിനോട് സമ്മതിച്ചത്. എന്നാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാനായി അഭിഭാഷകന്‍ പറഞ്ഞു കൊടുത്തത് പ്രകാരമാകാം ഗ്രീഷ്മ മൊഴി മാറ്റിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഗ്രീഷ്മ മൊഴി മാറ്റി എങ്കിലും തെളിവുകളെല്ലാം ഗ്രീഷ്മക്ക് എതിരാണെന്നും അന്വേഷണ സംഘം പറയുന്നു.
അന്വേഷണസംഘം നിര്‍ബന്ധിച്ചു കുറ്റസമ്മതം നടത്തിച്ചതായി ആണ് ഗ്രീഷ്മയുടെ മൊഴി എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കുറ്റസമ്മതം നടത്തിയാല്‍ അമ്മയെയും അമ്മാവനെയും പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാമെന്ന് ഉറപ്പു നല്‍കിയിരുന്നു. പക്ഷേ മറിച്ചാണ് സംഭവിച്ചത്. അതുകൊണ്ടാണ് ഇപ്പോള്‍ രഹസ്യ മൊഴി നല്‍കുന്നതെന്നും ഗ്രീഷ്മ മജിസ്‌ട്രേറ്റിനെ അറിയിച്ചതായാണ് വിവരം.
കോളേജ് വിദ്യാര്‍ഥിയായ ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കൊലപ്പെടുത്തിയത്. ഷാരോണുമായി പ്രണയത്തിലായിരുന്ന ഗ്രീഷ്മ മറ്റൊരു വിവാഹം നിശ്ചയിച്ചതിനെ തുടര്‍ന്ന് ഷാരോണിനോടു പിന്‍മാറാന്‍ ആവശ്യപ്പെട്ടു. ഇതിനു തയ്യാറാകാതെ വന്നതോടെ ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം കലര്‍ത്തിയ കഷായം നല്‍കി കൊലപ്പെടുത്തിയെന്നാണ് കേസ്. കഷായം കുടിച്ചതിന് പിന്നാലെ ഗുരുതരാവസ്ഥയിലായ ഷാരോണ്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ 25-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്.
കേസില്‍ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവന്‍ നിര്‍മ്മല്‍ കുമാരന്‍ നായര്‍ എന്നിവരെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ജാമ്യം നിരസിച്ച നെയ്യാറ്റിന്‍കര കോടതിയുടെ നടപടി ചോദ്യം ചെയ്താണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. കൊലപാതകത്തിന്റെ ആസൂത്രണത്തിലും തെളിവ് നശിപ്പിച്ചതിലും ഇരുവര്‍ക്കും പങ്കുള്ളതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പോലീസ് വാദം പരിഗണിച്ച് ഇരുവരുടെയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളുകയായിരുന്നു.