‘ഞാൻ മീനാക്ഷിയോട് സംസാരിച്ചാൽ അവർക്ക് വേറെ ബന്ധം’ മാധവ് സുരേഷിന്റെ മറുപടിക്ക് ശാന്തിവിള ദിനേശിന്റെ കൊട്ട്

കൊച്ചി: മാധവ് സുരേഷ് നായകനാകുന്ന ‘അങ്കം അട്ടഹാസം’ എന്ന പുതിയ സിനിമയുമായി ബന്ധപ്പെട്ട് സിനിമാ റിവ്യൂവർ അശ്വന്ത് കോക്ക് നടത്തിയ പരാമർശങ്ങൾ വലിയ ചർച്ചയാകുന്നതിനിടെ, മാധവിനെതിരെ കടുത്ത വിമർശനവുമായി സംവിധായകൻ ശാന്തിവിള ദിനേശ് രംഗത്ത്. ചിത്രത്തിന്റെ നിർമ്മാതാക്കൾ മാധവ് സുരേഷിനെ കൂടെയിരുത്തി അശ്വന്ത് കോക്കിനെതിരെ പത്രസമ്മേളനം നടത്തരുതായിരുന്നെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. മാധവിന്റെ പെരുമാറ്റ രീതികൾ സിനിമയ്ക്ക് ഗുണത്തേക്കാളേറെ ദോഷമേ ചെയ്യൂ എന്ന് നിർമ്മാതാക്കൾ ചിന്തിക്കണമായിരുന്നുവെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ വ്യക്തമാക്കി.

ആരെയും ഒട്ടും ആകർഷിക്കാനാകാത്ത സംഭാഷണ ശൈലിയും, ‘ഞാൻ എന്തോ സംഭവമാണ്’ എന്ന തരത്തിലുള്ള സ്വയം വിലയിരുത്തലുമാണ് ഈ പയ്യനുള്ളത്. ഇതിനൊപ്പം ‘സുരേഷ് ഗോപിയുടെ മകനാണ് ഞാൻ’ എന്ന ധാർഷ്ട്യ ഭാവവും കൂടിയാകുമ്പോൾ ഇയാളെ പത്രസമ്മേളനങ്ങളിൽ കൊണ്ടിരുത്തുന്നത് സിനിമയ്ക്ക് ദോഷം ചെയ്യും. നിർമ്മാതാക്കൾ വിളിച്ചാൽ പോലും ഈ മന്ത്രിപുത്രൻ അങ്ങോട്ട് പോകരുതായിരുന്നു. ഞാൻ മീനാക്ഷിയോട് സംസാരിച്ചാൽ ഞങ്ങൾ തമ്മിൽ വേറെ എന്തോ ബന്ധമാണെന്നാണ് ഇവിടെയുള്ളവർ ധരിക്കുന്നത് എന്നൊക്കെ ഈ പയ്യൻ എവിടെയോ കിടന്ന് അലറുന്നത് കേട്ടു. ദിലീപിന്റെ മകളായ മീനാക്ഷിയെക്കുറിച്ചാണ് ഇയാൾ പറയുന്നത്. ഇതിനുള്ള മറുപടി താൻ മുൻപ് പറഞ്ഞതാണെന്നും ശാന്തിവിള ദിനേശ് ഓർമ്മിപ്പിച്ചു.

എന്തുകൊണ്ടോ മലയാളിക്ക് ഒട്ടും പിടിക്കുന്നില്ല ഈ പയ്യനെ. ഇതിനെ രാഷ്ട്രീയ കാഴ്ചപ്പാടോടെയുള്ള പ്രസ്താവനയായി ആരെങ്കിലും വ്യാഖ്യാനിച്ചാലും തനിക്ക് കുഴപ്പമില്ല. ജനങ്ങൾക്ക് ഇയാളെ അത്ര എളുപ്പത്തിൽ ഉൾക്കൊള്ളാൻ (Catch ചെയ്യാൻ) സാധിക്കുന്നില്ല. തന്റെ ഗുരുനാഥനായ ജെസി സാർ പണ്ട് പറഞ്ഞ ഒരു കാര്യമുണ്ട്; ചിലർ നമ്മുടെ മുന്നിലേക്ക് വരുമ്പോൾ പോസിറ്റീവ് എനർജി ഫീൽ ചെയ്യും, എന്നാൽ ചിലർ വരുമ്പോൾ നെഗറ്റീവ് എനർജിയായിരിക്കും അനുഭവപ്പെടുക.

പോസിറ്റീവ് എനർജിക്ക് ഉദാഹരണമായി ജെസി സാർ പറഞ്ഞത് കെ.ബി. ഗണേഷ് കുമാറിനെയായിരുന്നു. ഗണേഷ് കുമാർ കാറിൽ നിന്നിറങ്ങി വരുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ഒരു പുഞ്ചിരി വിരിയും. ഒരു സിനിമാക്കാരനാകുമ്പോൾ അതുണ്ടാകണം. അതിനു പകരം സകല മനുഷ്യരെയും പുച്ഛത്തോടെ കാണുകയും, ഞങ്ങൾ കുടുംബത്തോടെ ഒരു ഒന്നൊന്നര ടീമാണെന്ന് സ്വയം പുകഴ്ത്തുകയും ചെയ്യുന്നവരെക്കുറിച്ച് എന്ത് പറയാനാണെന്ന് അദ്ദേഹം ചോദിച്ചു.

അതേസമയം, വിവാദ പരാമർശങ്ങൾ നടത്തിയ റിവ്യൂവർ അശ്വന്ത് കോക്കിനും ശാന്തിവിള ദിനേശ് ചില ഉപദേശങ്ങൾ നൽകി. തന്റെ അറിവ് ശരിയാണെങ്കിൽ അശ്വന്ത് കോക്ക് ഒരു സർക്കാർ സ്കൂൾ അധ്യാപകനാണ്. ഒരു അധ്യാപകനായ താങ്കൾ സോഷ്യൽ മീഡിയയിലും റിവ്യൂവിലും ഉപയോഗിക്കുന്ന മോശം പദപ്രയോഗങ്ങൾ പുതുതലമുറയെ തീർച്ചയായും സ്വാധീനിക്കുമെന്ന ബോധ്യം വേണം. അതുകൊണ്ട് വാക്കുകൾ ഉപയോഗിക്കുമ്പോൾ കുറച്ചുകൂടി ശ്രദ്ധിക്കണമെന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.

English Summary

Director Shanthivila Dinesh criticized Madhav Suresh amid the ongoing controversy involving movie reviewer Ashwanth Kok over the film ‘Angam Attahasam’. Shanthivila Dinesh stated that the producers made a mistake by bringing Suresh Gopi’s son to the press conference, as his arrogant attitude, poor speaking style, and self-important demeanor would bring negative publicity to the movie. He added that the Malayali audience finds it hard to accept Madhav’s attitude. Meanwhile, Dinesh also advised Ashwanth Kok, reminding him that as a government school teacher, his choice of words in reviews heavily influences the younger generation.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News