കൊച്ചി: നടന്‍ ഷെയ്ന്‍ നിഗമിന് നിര്‍മാതാക്കളുടെ വിലക്ക്. ഷെയ്ന്‍ നിഗം അഭിനയിച്ചിരുന്ന രണ്ട് സിനിമകളും ഉപേക്ഷിച്ചതായി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഷെയിന്റെ നിസഹകരണത്തെ തുടര്‍ന്ന് മുടങ്ങിയ വെയില്‍, കുര്‍ബാനി എന്നീ സിനിമകളാണ് വേണ്ടെന്നുവച്ചത്. ഇന്ന് ചേര്‍ന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ യോഗത്തിലാണ് ഷെയ്നെ വിലക്കിക്കൊണ്ടുള്ള തീരുമാനം ഉണ്ടായത്. മുടങ്ങിയ സിനിമകളുടെ നഷ്ടം ഷെയ്ന്‍ നികത്തുംവരെ സഹകരിപ്പിക്കില്ലെന്ന് നിര്‍മാതാക്കള്‍ യോഗത്തില്‍ വ്യക്തമാക്കി. തീരുമാനം താര സംഘടനയായ എഎംഎംഎയെ അറിയിച്ചിട്ടുണ്ടെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
ഷൂട്ടിംഗുമായി നിരന്തരമായി നിസഹകരിക്കുന്ന സമീപനമാണ് ഷെയ്ന്‍ നിഗം സ്വീകരിക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറയുന്നു. മലയാള സിനിമയില്‍ നിന്ന് ഒരിക്കലും ഉണ്ടാവാത്ത മോശം അനുഭവമാണ് ഷെയിനില്‍ നിന്ന് ഉണ്ടായത്. പ്രശ്നങ്ങള്‍ തീര്‍ക്കാനായി അമ്മ ഭാരവാഹികളെയും ഷെയ്ന്‍ നിഗമിന്റെ അമ്മയെയും പങ്കെടുപ്പിച്ച് ചര്‍ച്ച നടത്തിയിരുന്നു. അതിനെ തുടര്‍ന്ന് ഒരു ദിവസം അമ്മ ലൊക്കേഷനില്‍ വന്നു. അന്നു കാര്യങ്ങള്‍ ഭംഗിയായി നടന്നു. പിറ്റേന്ന് ഷെയ്ന്‍ ബൈക്ക് എടുത്ത് പുറത്തു പോവുകയായിരുന്നു. എവിടെപ്പോയെന്ന് ഒരു വിവരവുമില്ല. രണ്ടു ദിവസമാണ് അതിന്റെ പേരില്‍ ഷൂട്ട് മുടങ്ങിത്. പിന്നീട് മുടി വെട്ടിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്തതാണ് കണ്ടത്. സിനിമയ്ക്ക് വേണ്ടി പണം മുടക്കിയവരെ കളിയാക്കുന്ന നടപടിയായിരുന്നു അതെന്നും നിര്‍മാതാക്കള്‍ കുറ്റപ്പെടുത്തി.
മലയാള സിനിമയില്‍ ലഹരി ഉപയോഗം വ്യാപകമാണെന്നും പ്രെഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആരോപിച്ചു. ചില താരങ്ങള്‍ കാരവാനില്‍ നിന്ന് ഇറങ്ങാന്‍ തയ്യാറാകില്ല. കാരവാനില്‍ ഇരുന്ന് മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടോയെന്ന് സംശയം ഉള്ളതായും അസോസിയേഷന്‍ കൂട്ടിച്ചേര്‍ത്തു.