ഷാറുഖിന്‍റെ വൈദ്യപരിശോധന ഫലം;പൊള്ളൽ ഒരു ശതമാനത്തിൽ താഴെ,കരളിന്റെ പ്രവർത്തനം തകരാറിൽ
കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിക്ക് കാര്യമായ പൊള്ളൽ ഏറ്റിട്ടില്ലെന്ന് വൈദ്യ പരിശോധനാഫലം. രണ്ട് കൈകളിൽ മാത്രമാണ് നേരിയ പൊള്ളൽ ഉള്ളത്. പൊള്ളൽ ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നാണ് വൈദ്യ പരിശോധനാഫലം പറയുന്നത്. ശരീരം നിറയെ ഉരഞ്ഞ പാടുകളുണ്ട്. മുഖത്തിന്‍റെ ഇടത് ഭാഗത്ത് ഉരുഞ്ഞുണ്ടായ പരിക്ക് കാരണം കണ്ണിൽ വീക്കമുണ്ട്. എന്നാൽ കാഴ്ചയ്ക്ക് തകരാറില്ല. ഇടതുകൈയിലെ ചെറുവിരലിന് ചെറിയ മുറിവുണ്ട്.
ശരീരത്തിലെ മുറിവുകൾക്ക് പരമാവധി നാലു ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്നും വൈദ്യ പരിശോധനാഫലത്തിൽ വ്യക്തമായിട്ടുണ്ട്. മുറിവുകൾ എല്ലാം ട്രെയിനിൽ നിന്ന് ചാടിയപ്പോൾ ഉണ്ടായതാവാം എന്നാണ് ഫോറൻസിക് പരിശോധന നടത്തിയ വിദഗ്ധരുടെ നിഗമനം.കരളിന്റെ പ്രവർത്തനത്തിലും തകരാറുണ്ടെന്ന് വൈദ്യപരിശോധനയിൽ കണ്ടെത്തി. അതേസമയം ഷാറൂഖ് സെയ്ഫിയെ ഇന്ന് കോടതിയിൽ ഹാജരാക്കാനുള്ള നീക്കത്തിലാണ് പൊലീസ്.
ഷാറുഖിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് സെല്ലിലെ പ്രത്യേകം മുറിയിലാണ് ഷാറുഖ് സെയ്ഫിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. സെല്ലിന് പുറത്തുമാത്രം 20 പൊലീസുകാരുണ്ട് കാവലിന്. മെഡിക്കല്‍ കോളജ് ആശുപത്രി പൂര്‍ണമായും പൊലീസിന്റ നിരീക്ഷണത്തിലാണ്.
ട്രെയിന്‍ ആക്രമണത്തിന് പ്രതി എന്തിന് കേരളം തിരഞ്ഞെടുത്തു, പുറത്തുനിന്ന് ആരുടെയെങ്കിലും സഹായം കിട്ടിയോ, റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മൂന്നുപേരെ പ്രതി തള്ളിയിട്ടുകൊന്നതോ തുടങ്ങി ഒട്ടേറെ നിര്‍ണായക ഉത്തരങ്ങള്‍ ഷാറുഖ് സെയ്ഫിയില്‍ നിന്ന് കിട്ടേണ്ടതുണ്ട്. കഴിഞ്ഞദിവസം മൂന്നുമണിക്കൂറോളം ചോദ്യം ചെയ്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലായിരുന്നു മറുപടി.
കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാലേ നിര്‍ണായക വിവരങ്ങള്‍ ലഭിക്കുകയുള്ളു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കസ്റ്റഡിയില്‍ വിട്ടുകൊടുക്കാന്‍ കോടതി വിസമ്മതിച്ചാല്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നത് ഇനിയും നീളും. ദേശീയ അന്വേഷണ ഏജന്‍സികള്‍ കേസ് ഏറ്റെടുക്കുന്നതിന് മുമ്പെ തെളിവെടുപ്പ് ഉള്‍പ്പടെ പൂര്‍ത്തിയാക്കേണ്ടതും അത്യാവശ്യമാണ്.