തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി വനിതാ കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. ‘വണ്ടിപ്പെരിയാറിലേയ്ക്കുള്ള യാത്രയില്‍’ എന്ന തലക്കെട്ടോടെ ഷാഹിദ കമാല്‍ പങ്കുവച്ച പോസ്റ്റാണ് വിവാദമായത്.
ദുഃഖങ്ങളെല്ലാം മറച്ചുപിടിച്ച് പുഞ്ചിരിക്കാന്‍ ശ്രമിക്കുന്ന ആളാണ് താനെന്നും അതുകൊണ്ടാണ് പുഞ്ചിരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചതെന്നും ഷാഹിദ കമാല്‍ പറഞ്ഞു. പോസ്റ്റിലെ അപാകത സുഹൃത്തുക്കളില്‍ ചിലര്‍ ചൂണ്ടിക്കാട്ടിയെന്നും തുടര്‍ന്ന് പിന്‍വലിച്ചുവെന്നും ഷാഹിദ കമാല്‍ പറഞ്ഞു.
പെണ്‍കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യും. പൊലീസ് അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി കുടുംബത്തെ ഫോണില്‍ വിളിച്ച് നീതി ഉറപ്പാക്കുമെന്ന് അറിയിച്ചുവെന്നും കേസിന്റെ തുടര്‍ നടപടികള്‍ വനിതാ കമ്മിഷന്‍ നിരീക്ഷിക്കുന്നുണ്ടെന്നും ഷാഹിദ കമാല്‍ കൂട്ടിച്ചേര്‍ത്തു.
ഷാഹിദ കമാല്‍ കഴിഞ്ഞ ദിവസം പങ്കുവച്ച പോസ്റ്റാണ് വിവാദമായത്. വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട ആറുവയസുകാരിയുടെ വീട്ടിലേയ്ക്കുള്ള യാത്രയ്ക്ക് മുന്‍പാണ് പുഞ്ചിരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവച്ചത്. നിരവധി പേര്‍ രൂക്ഷ വിമര്‍ശനവുമായി ഷാഹിദ കമാലിന്റെ പോസ്റ്റിന് താഴെ കമന്റിട്ടു. സംഭവം വിവാദമായതോടെ ഷാഹിദ കമാല്‍ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.