കാസർകോട് : 9 മാസം മുമ്പ് ഉത്തരപ്രദേശ് കാരനായ കാമുകനൊപ്പം നാടുവിട്ട മഞ്ചേശ്വരം സ്വദേശിനിയെ ഒടുവിൽ പോലീസ് കണ്ടെത്തി. മഞ്ചേശ്വരം പാവൂർ സ്വദേശിനി ഷാഹിദ(33)യെയാണ് ലക്നൗവിൽ കാസർകോട് ഡിവൈഎസ്പി പി കെ സുധാകരന്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് കണ്ടെത്തിയത്.
അന്വേഷണസംഘം യുവതിയെ നാട്ടിലെത്തിച്ചു മഞ്ചേശ്വരം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. ചാറ്റിങ്ങിലൂടെ പരിചയപ്പെട്ട യുപി സ്വദേശിയും ടൈൽസ് തൊഴിലാളിയുമായ യുവാവിന് ഒപ്പമാണ് കഴിഞ്ഞ ഒക്ടോബറിൽ ഷാഹിദ ഒളിച്ചോടിയത്.
മകനെ സ്കൂളിൽ വിട്ട ശേഷം മംഗളൂരുവിലെ ആയുർവേദ ആശുപത്രിയിൽ പോകുന്നു എന്ന് അറിയിച്ചാണ് കാമുകനൊപ്പം പോയത്. തുടർന്ന് ബന്ധുക്കൾ മഞ്ചേശ്വരം പോലീസിൽ പരാതി നൽകിയിരുന്നു. പോലീസും സൈബർ സെല്ലും നടത്തിയ അന്വേഷണത്തിൽ മുംബൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ സന്ദർശിച്ചു തെരഞ്ഞിരുന്നു. അന്വേഷണം ഇഴഞ്ഞതോടെ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.
തുടർന്നാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണത്തിന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചത്. പി കെ സുധാകരനു ആയിരുന്നു അന്വേഷണച്ചുമതല നൽകിയത്. തുടർന്ന് അന്വേഷണം ഊർജിതമായപ്പോൾ ഷാഹിദയുടെ ഫോണിൽ 3000ത്തിലധികം തവണ ഫോൺ സന്ദേശങ്ങൾ എത്തിയതായി കണ്ടെത്തി.
സൈബർ സെൽ വഴി നടത്തിയ അന്വേഷണത്തിൽ ഷാഹിദയെ ലക്‌നൗവിൽ കാമുകനൊപ്പം കണ്ടെത്തി. നാട്ടിലെത്തിച്ച് ഷാഹിദയെ കാസർകോട് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് മകനെയും ബന്ധുക്കളെയും കണ്ടത്. 9 മാസം മാതാവിനെ കണ്ട 12 കാരനായ മകൻ വാവിട്ടു കരഞ്ഞു. കോടതി കാമുകനൊപ്പം പോകാൻ ഉത്തരവായി. എന്നാൽ മകനെ കൂടെ കൊണ്ടു പോകാൻ ഷാഹിദ വിസമ്മതിച്ചതായി ബന്ധുക്കൾ പറഞ്ഞു.