FeaturedHome-bannerKeralaNewsNews

‘ഷാഫി നിരപരാധിയാണെന്ന് പറയാൻ കഴിയില്ല, നരബലി നടത്തിയെന്ന് വിശ്വസിക്കാനാകുന്നില്ല’‘ വിവാഹിതരായിട്ട് 24 വർഷം; ഷാഫി കീറിയ തുണിയാണ് ധരിക്കുന്നത്, ആ പണമെവിടെ? ഭാര്യ നബീസ

കൊച്ചി: ഇലന്തൂർ നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി ക്രൂരകൃത്യം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഭാര്യ. മദ്യപിച്ചു തന്നെ ഉപദ്രവിക്കുന്ന ശീലമുണ്ട്. കൊല്ലപ്പെട്ട പത്മത്തെയും റോസ്‌ലിയെയും അറിയാമായിരുന്നു. എന്റെ ഫോൺ ഷാഫി ഉപയോഗിച്ചിരുന്നുവെന്നും ഭാര്യ വെളിപ്പെടുത്തി. അതേസമയം, ഷാഫിക്ക് സാമ്പത്തിക പിന്‍ബലം ഉണ്ടെന്ന വാദം ശരിയല്ലെന്നു ചൂണ്ടിക്കാട്ടിയ ഭാര്യ, സ്വന്തമായി ബാങ്ക് അക്കൗണ്ട് പോലും ഇല്ലെന്നും വിശദീകരിച്ചു.

‘‘ഇങ്ങനെയൊരു ക്രൂരകൃത്യം ഷാഫി ചെയ്യുമോ? അയാൾ ഇങ്ങനെ ഒരാളാണോ..? ഇതൊന്നും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല. പല രീതിയിലും പറ്റുന്നില്ല. കല്യാണം കഴിഞ്ഞിട്ട് 24 വർഷമായി. ഇങ്ങനെയൊരു രീതി ഷാഫിക്കുണ്ടെന്ന് വിശ്വസിക്കാനാകുന്നില്ല’’ – ഭാര്യ പറഞ്ഞു.

‘മദ്യപിച്ചിട്ടൊക്കെ വരുമ്പോൾ എന്നെ ഉപദ്രവിക്കാറുണ്ട്. ആ ഒരു സ്വഭാവമാണ് അയാൾക്കുള്ളത്. മദ്യപാനം കൂടുതലാണ്. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ വന്നത്. വലിയ വീടും വാഹനങ്ങളും ഉണ്ടെന്നൊക്കെ ആൾക്കാരു പറയുന്നതാണ്. ഈ പറയുന്ന വീടെവിടെ? വാഹനമെവിടെ? കൂലിപ്പണിയെടുത്ത് ജീവിക്കുന്ന നമ്മുടെ കയ്യിൽ ഇതൊക്കെ എവിടെ?

ഇഷ്ടം പോലെ പണമുണ്ടായിരുന്നുവെന്ന് എല്ലാവരും പറയുന്നു. എന്നിട്ട് ആ പണം എവിടെ? അതൊക്കെ എവിടെ കൊടുക്കുന്നു? കൂടുതൽ പണം കയ്യിൽ വന്നാൽ നമ്മളൊക്കെ അറിയില്ലേ? അതെല്ലാം ഒന്നുകിൽ കയ്യിൽ കാണണം. അല്ലെങ്കിൽ വല്ല അക്കൗണ്ടിലും വേണം. ഒരു ആഡംബരവുമില്ലാത്തയാളാണ് ഷാഫി. നല്ലൊരു ഷർട്ട് പോലുമില്ല. കീറിയ തുണിയൊക്കെയാണ് ഉപയോഗിക്കുന്നത്. ഇങ്ങനെയൊരാൾ ഈ പറയുന്ന കാശൊക്കെ എന്തു ചെയ്യുന്നു?’ – ഷാഫിയുടെ ഭാര്യ ചോദിച്ചു.

‘‘എന്റെ ഫോണും ഷാഫി ഉപയോഗിച്ചിരുന്നു. ശ്രീദേവി എന്ന പേരിൽ അക്കൗണ്ട് തുടങ്ങിയത് എന്റെ ഫോൺ ഉപയോഗിച്ചാണെന്നു പറയാൻ പറ്റില്ല. എന്റെ ഫോണും ഉപയോഗിച്ചിരുന്നു എന്നത് സത്യമാണ്. എനിക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ല. ഫോണിൽ എന്താണ് ചെയ്യുന്നത്, ആരെയാണ് വിളിക്കുന്നത് എന്നൊന്നും അറിയില്ല.

പത്മത്തെയും അതിനു മുൻപു മരിച്ചയാളെയും (റോസ്‌ലി) അറിയാം. ഈ പറയുന്ന രീതിയൊന്നും അവരുടെ കാര്യത്തിൽ കണ്ടിട്ടില്ല. എല്ലാവരോടും നന്നായി സോഷ്യലായി ഇടപെടുന്ന ആളാണ്. അല്ലാതെ പ്രത്യേകിച്ചൊന്നും കണ്ടിട്ടില്ല. ഭഗവൽ സിങ്ങിനെ അറിയില്ല. എന്റെ ഫോണിൽനിന്ന് ഷാഫി ഇയാളെ വിളിച്ചിരുന്നതായി പിന്നീട് മനസ്സിലായി. അല്ലാതെ അയാളെ എനിക്ക് പരിചയമില്ല. പത്തനംതിട്ട എന്ന പേരിൽ ഫോണിൽ നമ്പർ സേവ് ചെയ്തിരുന്നു’’– ഷാഫിയുടെ ഭാര്യ പറഞ്ഞു.

ഷാഫിയുടെ പേരിൽ ആരോപിക്കപ്പെടുന്ന സാമ്പത്തിക തിരിമറിയെക്കുറിച്ചുള്ള ചോദ്യത്തിന്, ‘എന്തു സാമ്പത്തിക തിരിമറി’ എന്നായിരുന്നു മറുചോദ്യം. ‘‘ഷാഫിക്ക് അക്കൗണ്ടോ ഗൂഗിൾ പേയോ ഒന്നുമില്ല. എന്റെ നമ്പറിലാണ് ഗൂഗിൾ പേയുണ്ടായിരുന്നത്. ഷാഫിയുടെ പേരിൽ പണ്ടുണ്ടായിരുന്ന അക്കൗണ്ടിൽ പൈസയിടാതെ അത് നഷ്ടായി. എടിഎം കാർഡ് പോലും ഉപയോഗിച്ചിട്ടില്ല’’– അവർ വ്യക്തമാക്കി.

അതേസമയം, മുഹമ്മദ് ഷാഫി അതിബുദ്ധിമാനായ ക്രിമിനലാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലാകുന്നതിന് രണ്ടുദിവസം മുൻപ് ഇയാൾ മൊബൈൽഫോണ്‍ നശിപ്പിച്ചിരുന്നു. ഭാര്യയുമായുണ്ടായ വഴക്കിനെ തുടർന്നാണു ഫോൺ നശിപ്പിച്ചതെന്നാണു പൊലീസിനോടു പറഞ്ഞത്. എന്നാൽ അന്വേഷണമുണ്ടായാൽ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നാണു പൊലീസിന്റെ നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button