കൊച്ചി:കാമ്പസിൽ നിന്ന് മരം മുറിച്ചുകടത്തിയ സംഭവത്തിൽ മഹാരാജാസ് കോളേജ് പ്രിൻസിപ്പലിനെതിരായ എസ്എഫ്ഐ ഉപരോധം ആറു മണിക്കൂർ പിന്നിട്ടു. രാവിലെ സ്റ്റാഫ് മീറ്റിങ്ങിനിടെ എസ്എഫ്ഐയുടെ നേതൃത്വത്തിൽ ആരംഭിച്ച ഉപരോധം വൈകിട്ട് ഓഫീസ് സമയത്തിന് ശേഷവും തുടരുകയാണ്. മണിക്കൂറുകളായി പ്രിൻസിപ്പൽ ജോർജ് മാത്യുവും അധ്യാപകരും ഓഫീസിൽ കുടുങ്ങിയിരിക്കുകയാണ്.
ഇന്നത്തെ വിദ്യാർഥി പ്രതിഷേധത്തെ തുടർന്ന് പ്രിൻസിപ്പലിനെതിരേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, പ്രിൻസിപ്പലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്യുകയോ അദ്ദേഹം സ്വമേധയാ ലീവെടുക്കുകയോ ചെയ്താൽ മാത്രമേ ഉപരോധം അവസാനിപ്പിക്കൂവെന്ന് എസ്എഫ്ഐ മഹാരാജാസ് യൂണിറ്റ് സെക്രട്ടറി അഖിൽ പറഞ്ഞു.
കോളേജ് കാമ്പസിൽ നിന്നും അനധികൃതമായി മരം മുറിച്ച് കടത്താനുള്ള ശ്രമം ഞായറാഴ്ച എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിദ്യാർഥികൾ തടഞ്ഞിരുന്നു. ഇതിനു മുമ്പേ നാലു ലോഡുകൾ കാമ്പസിൽ നിന്ന് കടത്തിയതായാണ് ആരോപണം.
ടെൻഡർ നടപടികളോ വനം വകുപ്പിന്റെ അനുമതിയോ കൂടാതെ അനധികൃതമായാണ് കാമ്പസിലെ മരങ്ങൾ മുറിച്ചു കടത്തിയതെന്നും പ്രിൻസിപ്പലിന്റെ അറിവോടെയായിരുന്നു നടപടിയെന്നുമാണ് വിദ്യാർഥികൾ പറയുന്നത്. അതേസമയം, ഞായറാഴ്ച വിദ്യാർഥികൾ ലോറി തടഞ്ഞ ശേഷമാണ് താൻ വിവരമറിയുന്നതെന്നാണ് പ്രിൻസിപ്പലിന്റെ വാദം.