തിരുവനന്തപുരം: കൊവിഡ് മഹാമാരി പടര്‍ന്നു പിടിച്ചത് മുതല്‍ സംസ്ഥാനത്തെ കോളേജ് വിദ്യാര്‍ത്ഥികള്‍ കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിക്കുകയാണെന്നും അഞ്ച് ശതമാനം പേര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും പഠനങ്ങള്‍. 60 ശതമാനം വിദ്യാര്‍ത്ഥികള്‍ പലതോതില്‍ മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നതായാണ് പഠനത്തില്‍ കണ്ടയത്തിയത്.
ആര്‍ട്‌സ്, സയന്‍സ് ഗ്രൂപ്പുകള്‍ ഐച്ഛിക വിഷയമായി എടുത്ത ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികളില്‍ 55 ശതമാനം പേര്‍ തങ്ങളുടെ ഭാവിയെ കുറിച്ച് ആകുലരാണെന്നും തിരുവനന്തപുരം ഗവണ്‍മെന്റ് വനിതാ കോളേജിലെ സൈക്കോളജിക്കല്‍ റിസോഴ്‌സ് സെന്റര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി.
കൊവിഡ് കാലത്ത് വിദ്യാര്‍ത്ഥികളുടെ അക്കാഡമികവും മാനസികപരവുമായ പ്രവൃത്തികളെക്കുറിച്ചാണ് പഠനങ്ങള്‍ നടന്നത്. കൊവിഡ് കാലത്ത് തങ്ങള്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷത്തെക്കുറിച്ച് പല കുട്ടികളും തുറന്ന് സംസാരിക്കുകയും ചെയ്തു ഈ കണ്ടെത്തലുകള്‍ അക്കാഡമിക സമൂഹത്തിന് മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെയും കണ്ണു തുറപ്പിക്കേണ്ടതാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടി.
വിദ്യാര്‍ത്ഥികളില്‍ 22.34 ശതമാനവും മാനസിക സംഘര്‍ഷത്തെ തുടര്‍ന്ന് ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുള്ളവരാണ്. 5.17ശതമാനം പേര്‍ ആത്മഹത്യാശ്രമങ്ങളും നടത്തിയിട്ടുണ്ട്. ഇതിനായി ശരീരത്തില്‍ സ്വയം മുറിവേല്‍പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്കും മുതിര്‍ന്നതായും വെളിപ്പെട്ടു. വിദ്യാര്‍ത്ഥികളില്‍ 53ശതമാനം പേര്‍ ഏകാന്തതയില്‍ അഭയം തേടിയെന്നും കണ്ടെത്തിയിട്ടുണ്ട്.
ആര്‍ട്‌സ്, സയന്‍സ് കോളേജുകളില്‍ പഠിക്കുന്ന 28 ശതമാനം വിദ്യാര്‍ത്ഥികളെങ്കിലും നേരിയ മാനസിക സംഘര്‍ഷം അനുഭവിക്കുന്നവരാണ്. 14.8 ശതമാനം പേര്‍ സാമാന്യ തോതിലുള്ള സമ്മര്‍ദ്ദവും 9.9 ശതമാനം പേര്‍ താരതമ്യേന വലിയ മാനസിക സംഘര്‍ഷങ്ങളും നേരിടുന്നവരാണ്. ആറ് ശതമാനം പേര്‍ ഗുരുതര മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെട്ടവരാണെന്ന് പഠനത്തില്‍ കണ്ടെത്തി.
ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെ നടന്ന പഠനത്തില്‍ കേരളത്തിലെ 182 കോളേജുകളില്‍ നിന്നായി 8005 വിദ്യാര്‍ത്ഥികളാണ് പങ്കെടുത്തത്. ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളാണ് മാനസികമായി കൂടുതല്‍ ഉയര്‍ന്നവരെന്നും പഠനത്തില്‍ കണ്ടെത്തി.