കോട്ടയം: മൊബൈല്‍ ഫോണിലെ കളി മതിയാക്കി ട്യൂഷനു പോകാന്‍ പറഞ്ഞ അച്ഛനോടു പിണങ്ങി ഏഴു വയസുകാരനെ വീടുവിട്ടോടി. കോട്ടയം കൈപ്പുഴയില്‍ വെള്ളിയാഴ്ച വൈകുന്നേരമാണ് രക്ഷിതാക്കളെയും നാട്ടുകാരെയും ഒരുപോലെ പരിഭ്രാന്തരാക്കിയ സംഭവം. സംഭവമറിഞ്ഞെത്തിയ പോലീസ് സമയോചിതമായി ഇടപെട്ടതിനാല്‍ കുട്ടി ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി രക്ഷിതാക്കളുടെ അടുത്തെത്തിക്കാനായി.
വീട്ടിലേക്ക് മടങ്ങാന്‍ വിസമ്മതിച്ച കുട്ടിയെ മിഠായി നല്‍കി അനുനയിപ്പിച്ചാണ് തിരികെ വീട്ടിലെത്തിച്ചത്. അച്ഛനോട് പിണങ്ങി കുട്ടി വീടുവിട്ട് ഓടിയതിനെത്തുടര്‍ന്ന് നാട്ടുകാര്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ കുട്ടിയെ ആരോ കാറില്‍ കടത്തിക്കൊണ്ടു പോയതായി പ്രചാരണമുണ്ടായത് വീട്ടുകാരെ പരിഭ്രാന്തരാക്കി.
പരാതി കിട്ടിയതിനെത്തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് അന്വേഷണത്തിനിറങ്ങി. ഒരു മണിക്കൂറിന് ശേഷം കൈപ്പുഴ ആട്ടുകാരന്‍ കവലയില്‍ വച്ച് കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ സി.ആര്‍ രാജേഷ് കുമാര്‍, ഗ്രേഡ് എസ്‌ഐ സോണി ജോസഫ്, സിപിഒമാരായ എ. അനീഷ്, പി.സി. സജി, രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.