തിരുവനന്തപുരം : ന്യൂഡല്‍ഹിയില്‍ നിന്നു കേരളത്തിലേയ്ക്ക് എത്തിയ രാജധാനി സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിനില്‍ എത്തിയ ഏഴ് യാത്രക്കാര്‍ക്ക് കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തി. പുലര്‍ച്ചെ അഞ്ചേകാലോടെയാണ് ട്രെയിന്‍ തലസ്ഥാനത്ത് എത്തിയത്. 602 പേരാണ് ഇവിടെ ഇറങ്ങിയത്. രോഗലക്ഷണം കണ്ട ഒരാളെ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. സംസ്ഥാനത്തെ ആദ്യ സ്റ്റോപ്പായ കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വ്യാഴാഴ്ച രാത്രി 10 മണിക്കാണ് ട്രെയിന്‍ എത്തിയത്.
198 യാത്രക്കാര്‍ കോഴിക്കോടും രണ്ടാമത്തെ സ്റ്റോപ്പായ എറണാകുളത്ത് 269 പേരും ഇറങ്ങി. പുലര്‍ച്ചെ 1.40നാണ് എറണാകുളം സൗത്ത് ജംങ്ഷനില്‍ എത്തിയത്. കോഴിക്കോടേക്ക് 216 പേര്‍ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും 18 പേര്‍ പിന്നീട് റദ്ദാക്കി. കോഴിക്കോട് ഇറങ്ങിയ ആറു പേര്‍ക്ക് കോവിഡ് രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ഒരു എസി ഫസ്റ്റ് ക്ലാസ്, 5 സെക്കന്‍ഡ് എസി, 11 തേര്‍ഡ് എസി കോച്ചുകളിലായി ആയിരത്തിലധികം യാത്രക്കാരായിരുന്നു ട്രെയിനില്‍. കോഴിക്കോട് ഉള്‍പ്പെടെയുള്ള സ്റ്റേഷനുകളില്‍ യാത്രക്കാരുടെ വിശദാംശങ്ങള്‍ പരിശോധിക്കാന്‍ സൗകര്യമൊരുക്കിയിരുന്നു.