ലൈംഗിക തൊഴിലാളികളായ 13 സ്ത്രീകളെ അതിക്രൂരമായി കൊലപ്പെടുത്തിയ ‘യോക്ക്‌ഷെയര്‍ റിപ്പര്‍’ കൊവിഡ് ബാധിച്ച് മരിച്ചു
ലണ്ടന്‍: കുപ്രസിദ്ധ ബ്രിട്ടീഷ് സീരിയല്‍ കില്ലര്‍ പീറ്റര്‍ സറ്റ്ക്ലിഫ് കൊവിഡ് ബാധിച്ച് മരിച്ചു. 74 വയസായിരുന്നു. ‘യോക്ക്ഷെയര്‍ റിപ്പര്‍ ‘ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന ഇയാള്‍ 13 സ്ത്രീകളെ കൊലപ്പെടുത്തിയതിനും 7 സ്ത്രീകളെ കൊല്ലാന്‍ ശ്രമിച്ചതിനും 1981ലാണ് പിടിയിലായത്. 1975 മുതല്‍ 1980 വരെ വടക്കന്‍ ഇംഗ്ലണ്ടിലായിരുന്നു ഇയാള്‍ കൊലപാതക പരമ്പരകള്‍ നടത്തിയത്.
20 ജീവപര്യന്തം തടവുകള്‍ അനുഭവിച്ചു വരികയായിരുന്നു ഇയാള്‍. നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഇയാളെ അലര്‍ട്ടിയിരുന്നു. ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 2016ല്‍ ഫ്രാന്‍ക്ലാന്‍ഡിലെ ജയിലിലേക്ക് മാറ്റുന്നതിന് മുമ്പ് സറ്റ്ക്ലിഫ് ഏറെ നാള്‍ ബ്രാഡ്മൂറിലെ അതീവ സുരക്ഷയുള്ള മാനസികാരോഗ്യ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്നു.
ലൈംഗിക തൊഴിലാളികളായ സ്ത്രീകളായിരുന്നു ഇയാളുടെ ഇരകള്‍. ലൈംഗിക തൊഴിലാളികളെ കൊല്ലാന്‍ ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചുവെന്നാണ് സറ്റ്ക്ലിഫ് വിചാരണയ്ക്കിടെ കോടതിയില്‍ പറഞ്ഞത്. വെസ്റ്റ് യോക്ഷെയറില്‍ 1946 ജൂണിലാണ് സറ്റ്ക്ലിഫ് ജനിച്ചത്. ട്രക്ക് ഡ്രൈവറായും ശവക്കുഴികള്‍ കുഴിക്കുന്നയാളായും ഇയാള്‍ ജോലി ചെയ്തിട്ടുണ്ട്.
1975 ഒക്ടോബറിലാണ് ഇയാള്‍ ആദ്യത്തെ കൊലപാതകം ചെയ്തത്. സോണിയ എന്ന സ്ത്രീയുമായി സറ്റ്ക്ലിഫിന്റെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം തികയുന്നതിന് മുന്നേയായിരുന്നു ഇത്. 28കാരിയായ വില്‍മ മക്കാന്‍ ആയിരുന്നു ഇയാളുടെ ഇര. ചുറ്റിക കൊണ്ട് തലക്കടിച്ചും കുത്തിയുമാണ് വില്‍മയെ കൊലപ്പെടുത്തിയത്.
തുടര്‍ന്നുള്ള അഞ്ച് വര്‍ഷങ്ങള്‍ക്കിടെ 16 വയസുള്ള പെണ്‍കുട്ടിയെ ഉള്‍പ്പെടെ സമാനരീതിയില്‍ ഇയാള്‍ നിഷ്ഠൂരം കൊലപ്പെടുത്തി. 42 വയസുള്ള സ്ത്രീയായിരുന്നു സറ്റ്ക്ലിഫിന്റെ ഇരകളില്‍ ഏറ്റവും പ്രായം കൂടിയത്. ഏറെ നാള്‍ തെളിവുകളുടെ അഭാവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഇയാള്‍ കുറ്റകൃത്യങ്ങള്‍ നടത്തുകയായിരുന്നു.
കൊലപാതകങ്ങള്‍ തുടര്‍ക്കഥയായതോടെ രാത്രി വീട് വിട്ട് പുറത്തിറങ്ങരുതെന്ന് പൊലീസ് സ്ത്രീകള്‍ക്ക് മുന്നറിയിപ്പ് വരെ നല്‍കിയിരുന്നു. ഒടുവില്‍ 1981 ജനുവരിയില്‍ പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. ചുറ്റിക, സ്‌ക്രൂഡ്രൈവര്‍, കത്തി എന്നിവ ഉപയോഗിച്ചായിരുന്നു സറ്റ്ക്ലിഫ് കൊലപാതകങ്ങള്‍ നടത്തിയതിരുന്നത്.