ദളിത് യുവതിയെ വിവാഹം കഴിച്ചു; യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു
ഗുഡ്ഗാവ്: ദളിത് യുവതിയെ വിവാഹം കഴിച്ചതിന് യുവാവിനെ സംഘം ചേര്‍ന്ന് തല്ലിക്കൊന്നു. ഹരിയാനയിലെ ഗുഡ്ഗാവിലാണ് സംഭവം. 28കാരനായ യുവാവിനെ ഒരു സംഘം ആളുകള്‍ വടിയും ലാത്തിയും ഉപയോഗിച്ച് മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് യുവാവിന്റെ സഹോദരന്‍ പറഞ്ഞു. സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റിലായിട്ടുണ്ട്.
5 മാസം മുന്‍പാണ് സവര്‍ണജാതിയില്‍ പെട്ട ആകാശ് എന്ന 28കാരന്‍ ദളിത് യുവതിയെ വിവാഹം ചെയ്തത്. ആ സമയം മുതല്‍ തന്നെ ആകാശിനെ ചിലര്‍ ഭീഷണിപ്പെടുത്താറുണ്ടായിരുന്നു എന്നാണ് അയാളുടെ സഹോദരന്‍ പോലീസിനോട് വെളിപ്പെടുത്തിയത്. ഞായറാഴ്ച ഭാര്യയുമായി ഭാര്യവീട്ടിലേക്ക് പോയി തിരികെ വരവെ ആകാശിനെ അഞ്ച് പേര്‍ ചേര്‍ന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
തിരികെ വരുന്നതിനിടെ ആകാശും ഭാര്യയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ പ്രതികളില്‍ ഒരാളായ അജയ്യുടെ ദേഹത്ത് തട്ടി. ഇതേ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കം ഉണ്ടാവുകയും അത് മൂര്‍ച്ഛിച്ച് കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. സുഹൃത്തുക്കളെ വിളിച്ചുവരുത്തിയ അജയ് ആകാശിനെ മര്‍ദ്ദിക്കുകയായിരുന്നു. സവര്‍ണനായ ആകാശ് ദളിത് യുവതിയെ വിവാഹം ചെയ്തതില്‍ അജയ്യും സുഹൃത്തുക്കളും നേരത്തെ അസ്വസ്ഥരായിരുന്നു എന്ന് പൊലീസ് പറയുന്നു.