മുംബൈ: ഓണ്‍ലൈന്‍ വഴി മദ്യം ഓര്‍ഡര്‍ ചെയ്ത സീരിയല്‍ നടിയുടെ അക്കൗണ്ടില്‍ നിന്ന് 3 ലക്ഷത്തോളം രൂപ നഷ്ടമായതായി പരാതി. നിരവധി ഹിന്ദി സീരിയലുകളില്‍ അഭിനയിച്ചിട്ടുള്ള 74 കാരിയായ നടിയാണ് പരാതിക്കാരി. വിവാഹം ഉറപ്പിച്ച അനന്തരവന് സമ്മാനം നല്‍കാന്‍ അമൃത് വിസ്‌കിയുടെ ഒരു ബോട്ടില്‍ 4,800 രൂപയ്ക്കാണ് നടി ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്.
ഗൂഗിളില്‍ തെരഞ്ഞപ്പോള്‍ ലഭിച്ച നമ്പറിലാണ് നടി വിളിച്ച് ഓര്‍ഡര്‍ നല്‍കിയത്. മദ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് അതേ നമ്പരില്‍ വീണ്ടും വിളിച്ച് പണം തിരികെ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പണം തിരികെ ലഭിക്കണമെങ്കില്‍ വൈന്‍ ഷോപ്പില്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് അറിയിക്കുകയായിരുന്നു.
ഡെബിറ്റ് കാര്‍ഡിന് തകരാറുണ്ടെന്ന് ഫോണ്‍ ചെയ്തയാള്‍ നടിയെ തെറ്റിദ്ധരിപ്പിച്ചു. തുടര്‍ന്ന് നടിയുടെ ക്രെഡിറ്റ് കാര്‍ഡിന്റെ വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു. പിന്നാലെ വന്ന ഒടിപി നമ്പറും നടി വിളിച്ചയാള്‍ക്ക് നല്‍കി. തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡ് വഴി 3.05 ലക്ഷം രൂപയാണ് നടിക്ക് നഷ്ടമായത്. പണം നഷ്ടമായതിന് പിന്നാലെ നിരവധി തവണ ആ നമ്പരിലേക്ക് വിളിച്ചെങ്കിലും പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയായിരുന്നുവെന്നും പ്രതികരണം ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.
മറ്റൊരു സംഭവത്തില്‍ കൊച്ചിയില്‍ സ്മാര്‍ട് ടിവി ഓഫറില്‍ വാങ്ങാനായി ഗൂഗിളില്‍ നിന്നും ലഭിച്ച കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വളിച്ച വീട്ടമ്മയ്ക്ക് 77,000 രൂപ നഷ്ടപ്പെട്ടു. ആലുവ സ്വദേശിനിയായ വീട്ടമ്മയാണ് ഗൂഗിളില്‍ കസ്റ്റമര്‍ കെയര്‍ നമ്പര്‍ പരതി കബളിപ്പിക്കപ്പെട്ടത്. എന്നാല്‍, റൂറല്‍ ജില്ലാ സൈബര്‍ ക്രൈം പോലീസിന്റെ സമയോചിതമായ ഇടപെടലിലൂടെ നഷ്ടപ്പെട്ട തുക വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു.
ദീപാവലി ദിനത്തില്‍ സ്മാര്‍ട് ടിവിക്ക് ഓഫര്‍ ഉണ്ടോ എന്നറിയാനാണ് വീട്ടമ്മ ഗൂഗിളില്‍ സെര്‍ച്ച് ചെയ്തത്. ലഭിച്ചത് വ്യാജ നമ്പറാണെന്നറിയാതെ കിട്ടിയ നമ്പറില്‍ വിളിക്കുകയും ചെയ്തു. ഓഫര്‍ ഉണ്ടെന്നും അയച്ച് തരുന്ന ലിങ്കിലെ ഫോറം പൂരിപ്പിച്ച് നല്‍കാനും തട്ടിപ്പ് സംഘം അറിയിച്ചു. ഇതോടെ തട്ടിപ്പ് സംഘം അയച്ച് നല്‍കിയ ഫോറം പൂരിപ്പിച്ച് വീട്ടമ്മ തിരികെ അയച്ച് നല്‍കി. പിന്നീട് ഒരു എസ്എംഎസ് സന്ദേശം സംഘം നിര്‍ദേശിച്ച മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കാനും ആവശ്യപ്പെട്ടു. ഇതും വീട്ടമ്മ ഉടന്‍ അയച്ച് നല്‍കി. ഇതോടെ വീട്ടമ്മയുടെ ഓണ്‍ലൈന്‍ നെറ്റ് ബാങ്കിങ്ങിന്റെ നിയന്ത്രണം തട്ടിപ്പ് സംഘത്തിന്റെ കൈകളിലായി.
സംഘം മൂന്ന് പ്രാവശ്യമായി 25,000 രൂപ വച്ച് 75,000 രൂപ ഓണ്‍ലൈനിലൂടെ പിന്‍വലിച്ചു. 2,000 രൂപ അക്കൗണ്ട് ട്രാന്‍സ്ഫര്‍ നടത്തുകയും ചെയ്തു. ഇതോടെയാണ് പണം നഷ്ടപ്പെട്ട വിവരം വീട്ടമ്മ അറിയുന്നത്. തുടര്‍ന്നാണ് ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്കിന് പരാതി നല്‍കിയത്. പോലീസ് സൈബര്‍ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് സൈബര്‍ ടീം തട്ടിപ്പ് സംഘം നടത്തിയ ബാങ്ക് ഇടപാട് മരവിപ്പിക്കുകയും ഇതുവഴി വീട്ടമ്മയുടെ അക്കൗണ്ടില്‍ പണം തിരികെ എത്തുകയും ചെയ്തു. സംഭവത്തിന് പിന്നില്‍ ഉത്തരേന്ത്യന്‍ സൈബര്‍ തട്ടിപ്പ് സംഘമാണെന്നും കണ്ടെത്തിയിട്ടുണ്ട്.