ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവയിലുള്ള സെമേരു അഗ്‌നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ഒരാള്‍ മരിക്കുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മൂന്ന് പേരെ കാണാനില്ല. ഡസന്‍ കണക്കിന് വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
ഇന്നലെ പ്രാദേശിക സമയം ഉച്ചതിരിഞ്ഞ് 2.50 ഓടെയാണ് സ്‌ഫോടനമുണ്ടായത്. 40,000 അടി ഉയരത്തിലേക്കാണ് സ്‌ഫോടന ഫലമായി ചാരം ഉയര്‍ന്ന് പൊങ്ങിയത്. ആയിരക്കണക്കിനുപേര്‍ മേഖലയില്‍നിന്നും ഓടി രക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
അഗ്‌നിപര്‍വത സ്‌ഫോടന ഫലമായി പ്രദേശത്ത് ശക്തമായ പുകയും ചാരവും നിറഞ്ഞു. സ്‌ഫോടനത്തിന് പിന്നാലെ കിഴക്കന്‍ ജാവ പ്രവിശ്യയിലെ ഗ്രാമങ്ങളില്‍ നിന്ന് ജീവനുമായി ഓടി രക്ഷപ്പെടുന്ന നാട്ടുകാരുടെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. തീയും ലാവയും ശക്തമായി ജനവാസ മേഖലകളിലേക്ക് ഒഴുകിയെത്തി.
പ്രദേശത്ത് നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നത് ഊര്‍ജിതമാക്കിയിട്ടുണ്ട്. സെമേരുവില്‍ നിന്നുള്ള കനത്ത പുക രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്. അതേ സമയം, സ്‌ഫോടനം പ്രദേശത്ത് വ്യോമ ഗതാഗതത്തില്‍ ഇതുവരെ തടസം സൃഷ്ടിച്ചിട്ടില്ല. ജാവ ദ്വീപിലെ ഏറ്റവും ഉയരം കൂടിയ അഗ്‌നിപര്‍വതമാണ് സെമേരു. ഏകദേശം 130 ഓളം സജീവ അഗ്‌നിപര്‍വതങ്ങളാണ് ഇന്തോനേഷ്യയിലുള്ളത്. കഴിഞ്ഞ ജനുവരിയിലും സെമേരുവില്‍ പൊട്ടിത്തെറിയുണ്ടായെങ്കിലും ആളപായമുണ്ടായിരുന്നില്ല.