ഉപഭോക്താവിന് സെല്‍ഫ് മീറ്റര്‍ റീഡിംഗ് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി കെ.എസ്.ഇ.ബി

തിരുവനന്തപുരം: സംസ്ഥാനത്തെ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉപഭോക്താക്കള്‍ക്ക് സെല്‍ഫ്മീറ്റര്‍ റീഡിംഗ് സംവിധാനം ഏര്‍പ്പെടുത്താനൊരുങ്ങി വൈദ്യുതി വകുപ്പ്. ഉപഭോക്താവിന് സ്വന്തമായി റീഡിംഗ് കണക്കാക്കി കെ.എസ്.ഇ.ബിക്ക് സമര്‍പ്പിക്കാം. ഇതിനായി പ്രത്യേക സോഫ്റ്റ്വെയര്‍ തയ്യാറാക്കും.

എടുക്കേണ്ട തീയതി, റീഡിംഗ് വിവരങ്ങള്‍ നല്‍കേണ്ട ലിങ്ക് എന്നിവ കെ.എസ്.ഇ.ബി ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറില്‍ നല്‍കും. നിശ്ചിത തീയതിയില്‍ ഉപഭോക്താവ് റീഡിംഗ് എടുത്തശേഷം ഈ വിവരം ലിങ്ക് വഴി നല്‍കണം. റീഡിംഗ് ചിത്രവും നല്‍കണം. റീഡിംഗിന്റെ അടിസ്ഥാനത്തില്‍ കെ.എസ്.ഇ.ബി ബില്‍ തുക കണക്കാക്കും.

തുടര്‍ന്ന് ബില്‍ എസ്.എം.എസ്, ഇ-മെയില്‍, കെ.എസ്.ഇ.ബി യുടെ സൈറ്റുകള്‍ എന്നിവയിലൂടെ ഉപഭോക്താവിന് ലഭ്യമാക്കും. ഓണ്‍ലൈനായോ, സെക്ഷന്‍ വഴിയോ ബില്ലടയ്ക്കാം. ഉപഭോക്താവിന് ഇഷ്ടമുണ്ടെങ്കില്‍മാത്രം ഈ സൗകര്യം പ്രയോജനപ്പെടുത്താം.

കണ്ടെയ്ന്‍മെന്റ് സോണില്‍ മീറ്റര്‍ റീഡര്‍മാരെ നിയോഗിച്ചുള്ള റീഡിംഗ് സാദ്ധ്യമാകാത്ത സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരം. ഇവിടങ്ങളില്‍ ശരാശരിയുടെ അടിസ്ഥാനത്തില്‍ ബില്‍ നല്‍കുകയാണ് നിലവിലുള്ള പോംവഴി. എന്നാല്‍, അടുത്തിടെ ശരാശരിയുടെ അടിസ്ഥാനത്തില്‍ നല്‍കിയ ബില്‍ വ്യാപക പരാതികള്‍ക്ക് ഇടയാക്കിയ സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ പുതിയ തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News