27.8 C
Kottayam
Sunday, May 5, 2024

‘സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രം അന്വേഷിച്ചു’; സോളാര്‍ അന്വേഷണ കമ്മീഷനെതിരെ മുൻ ഡിജിപി

Must read

തിരുവനന്തപുരം : സോളാര്‍ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷനെതിരെ തുറന്നടിച്ച് മുൻ ഡിജിപി എ ഹേമചന്ദ്രൻ. സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകൾ മാത്രമാണ് കമ്മീഷൻ അന്വേഷിച്ചതെന്നും സദാചാര പൊലീസിന്റ മാനസികാവസ്ഥയിലായിരുന്നു കമ്മീഷനെന്നും സോളാര്‍ കേസ് അന്വേഷണ സംഘ തലവൻ എ ഹേമചന്ദ്രൻ വെളിപ്പെടുത്തുന്നു. ‘നീതി എവിടെ’ എന്ന പേരിൽ ഇന്ന് പുറത്തിറങ്ങുന്ന ആത്മകഥയിലാണ് തുറന്ന് പറച്ചിൽ. 

കത്തിപ്പടര്‍ന്ന സോളാര്‍ വിവാദത്തിൽ ആദ്യാന്തം അന്വേഷണ സംഘത്തെ നയിച്ചത് ഡിജിപിയായിരുന്ന എ ഹേമചന്ദ്രനാണ്. സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യൽ കമ്മീഷനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് തന്റെ ആത്മകഥയിൽ എ ഹേമചന്ദ്രൻ നടത്തുന്നത്. ജസ്റ്റിസ് ശിവരാജൻ അന്വേഷിച്ചത് അത്രയും സ്ത്രീ പുരുഷ ബന്ധത്തിലെ മസാലക്കഥകളായിരുന്നു.

കമ്മീഷന്റെ ഭാഗത്ത് നിന്നുള്ള തമാശകൾ പോലും അരോചകമായിരുന്നു. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്ന് കയറാനായിരുന്നു കമ്മീഷന്റെ ശ്രമം. സദാചാര പൊലീസിനെ പോലെ പെരുമാറി. തട്ടിപ്പ് കേസിലെ പ്രതികളെയായിരുന്നു കമ്മീഷൻ തെളിവിനായി ആശ്രയിച്ചതെന്നും കമ്മീഷന്റെ മാനസികാവസ്ഥ പ്രതികൾ നന്നായി മുതലെടുത്തിരുന്നെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ.

അന്വേഷണ ഉദ്യോഗസ്ഥരുടേതടക്കം അന്തസ്സും മൗലിക അവകാശവും ഹനിക്കുന്ന പെരുമാറ്റം കമ്മീഷന്റെ ഭാഗത്ത് നിന്നും ഉണ്ടായെന്നും മുൻ ഡിജിപി കുറ്റപ്പെടുത്തുന്നു. തട്ടിപ്പുകേസിലെ പ്രതിയുടെ ആകൃതി, പ്രകൃതം, വസ്ത്രധാരണം എന്നിവയെ കുറിച്ചായിരുന്നു തെളിവെടുപ്പിലെ പ്രധാന ചോദ്യങ്ങൾ. 

ഉമ്മൻചാണ്ടിയുടെ വിശ്വസ്തൻ ടെനി ജോപ്പന്റെ അറസ്റ്റ് വിവരം ഉമ്മൻചാണ്ടിയോ അന്ന് അഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ അറിഞ്ഞിരുന്നില്ലെന്നാണ് എ ഹേമചന്ദ്രൻ പറയുന്നത്. അറസ്റ്റിന്റെ പേരിൽ തിരുവഞ്ചൂരിന് നീരസമുണ്ടായിരുന്നു. അന്വേഷണ സംഘത്തിൽ നിന്നും പിന്മാറാമെന്ന് അറിയിച്ചപ്പോൾ വിലക്കിയത് തിരുവഞ്ചൂർ ആയിരുന്നു.

എല്ലാ അജണ്ടകളും അരങ്ങേറിയ ശബരിമലയിൽ പൊലീസിന് അടിതെറ്റിയെന്നും ആത്മകഥയിൽ എ ഹേമചന്ദ്രൻ വിലയിരുത്തുന്നു. നിരീക്ഷക സമിതി അംഗമെന്ന നിലയിൽ ശബരിമലയിലെ പൊലീസ് വീഴ്ച മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചിരുന്നുവെന്നും ഹേമചന്ദ്രൻ പറയുന്നു. ഡിസി ബുക്സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week