തിരുവനന്തപുരം: സെക്രട്ടറിയേറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം തെളിവെടുപ്പ് ആരംഭിച്ചു. എസ്.പി. അജിത്തിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. ഫൊറന്‍സിക് സംഘവും സെക്രട്ടറിയേറ്റിലെ പരിശോധനയില്‍ പങ്കെടുക്കുന്നുണ്ട്.
ചീഫ് സെക്രട്ടറി നിയോഗിച്ച പ്രത്യേക സംഘവും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. തീപിടിത്തം വിവാദമായതോടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. സെക്രട്ടേറിയറ്റിലെ പൊതുഭരണവകുപ്പിലുള്ള പൊളിറ്റിക്കല്‍ വിഭാഗത്തിലും പ്രോട്ടോക്കോള്‍ ഓഫീസിലുമാണ് തീപിടിത്തമുണ്ടായത്. പ്രധാന ഫയലുകളും കത്തിപ്പോയതില്‍ ഉള്‍പ്പെടുമെന്നാണു വിവരം. എന്നാല്‍, പ്രധാന ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നു പൊതുഭരണവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചീഫ് സെക്രട്ടറിയുടെ ഓഫീസിനു സമീപത്തുള്ള പൊതുഭരണ വകുപ്പ് ഓഫീസില്‍ ചൊവ്വാഴ്ച വൈകുന്നേരം 4.45 ഓടെയാണ് തീ പിടിച്ചത്. തീ ഉയരുന്നതു കണ്ട് ജീവനക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും കന്റോണ്‍മെന്റ് പോലീസും സ്ഥലത്തെത്തി. ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമാണ് തീപിടിത്തമുണ്ടായതെന്നാണ് ജീവനക്കാര്‍ പറയുന്നത്.