പാലക്കാട് രണ്ടാമത്തെ കൊവിഡ് മരണം; മരിച്ചത് 40 വയസുകാരി

പാലക്കാട്: കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി. കൊല്ലങ്കോട് സ്വദേശിയായ അഞ്ജലി (40) ആണ് ഇന്നു പുലര്‍ച്ചെ മരിച്ചത്. പാലക്കാട് ജില്ലയിലെ രണ്ടാമത്തെ കൊവിഡ് മരണമാണിത്. മൂന്നാഴ്ച മുന്പ് തിരുപ്പൂരില്‍ നിന്നാണ് ഇവര്‍ നാട്ടിലെത്തിയത്. കടുത്ത പ്രമേഹരോഗിയായിരുന്നു ഇവരെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.

അസ്വസ്ഥതകളെ തുടര്‍ന്ന് കഴിഞ്ഞ 19ന് ഉച്ചയ്ക്കാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്ക് ബോധരഹിതയായിരുന്നു. ഉയര്‍ന്ന പ്രമേഹമൊഴിച്ചാല്‍ ബാക്കി ലക്ഷണങ്ങളൊന്നുമില്ലാതിരുന്ന ഇവര്‍ ഐസിയുവില്‍ ചികിത്സയിലായിരുന്നു. ഇവരുടെ മകന്റെ കൊവിഡ് പരിശോധനാ ഫലം പുറത്തുവരാനുണ്ട്. കൊവിഡ് പ്രാട്ടോക്കോള്‍ പാലിച്ചായിരിക്കും ശവസംസ്‌ക്കാരം.

നേരത്തെ കാസര്‍ഗോഡ് പടന്നക്കാട് സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. നബീസ ആണ് മരിച്ചത്. 75 വയസായിരുന്നു. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഗുരുതരാവസ്ഥയിലായതിനെ തുടര്‍ന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News