KeralaNews

സി.പി.എം കാലുവാരി,വെളിപ്പെടുത്തലുമായി സെബാസ്റ്റ്യൻ പോൾ

ന്യൂഡൽഹി:ആണവക്കരാറിന്റെ പേരിൽ യു.പി.എ. സർക്കാരിനെതിരേ ഇടതുപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെടുത്താൻ സ്വതന്ത്ര എം.പി.യായിരുന്ന തനിക്ക് കോൺഗ്രസ് കോടികളുടെ കോഴ വാഗ്ദാനംചെയ്തെന്ന് ഡോ. സെബാസ്റ്റ്യൻ പോൾ.

യു.പി.എ. സർക്കാരിന്റെ കാലത്ത് യു.എ.പി.എ. നിയമഭേദഗതിക്ക് അനുകൂലമായി വോട്ടു ചെയ്യാത്തതിന്റെ പേരിൽ സി.പി.എം. കാരണംകാണിക്കൽ നോട്ടീസ് നൽകിയെന്നും അദ്ദേഹം പറയുന്നു. ‘എന്റെ കാലം എന്റെ ലോകം’ എന്ന ആത്മകഥാരൂപത്തിലുള്ള പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തലുകൾ. താൻ പത്രത്തിൽ എഴുതിത്തുടങ്ങിയതിന്റെ 60-ാം വാർഷികദിനമായ വ്യാഴാഴ്ച പുസ്തകം പുറത്തിറങ്ങുമെന്ന് സെബാസ്റ്റ്യൻ പോൾ പറഞ്ഞു.

പുസ്തകത്തിൽനിന്ന്:

“യു.പി.എ. സർക്കാരിനു ഭൂരിപക്ഷം ഉറപ്പാക്കാനുള്ള ഉത്തരവാദിത്വം പ്രണബ് മുഖർജി ഏറ്റെടുത്തു. ഭൂരിപക്ഷം ഉറപ്പിക്കുകയെന്നു പറഞ്ഞാൽ കുറെ എം.പി.മാരെ ചാക്കിലാക്കുക എന്നാണർഥം. ഒരു സായാഹ്നത്തിൽ പ്രത്യേകിച്ചു പരിപാടിയൊന്നുമില്ലാതെ നമ്പർ 20, ആർ.പി. റോഡിൽ തനിച്ചിരിക്കുമ്പോൾ ‘ചാക്കു’മായി രണ്ടുപേർ വന്നു. പ്രണബിന്റെ നിർദേശപ്രകാരമാണ് വരവെന്നു വിശദീകരിക്കപ്പെട്ടു. സ്വതന്ത്ര എം.പി. എന്ന നിലയിൽ വിപ്പ് ലംഘനം ഉണ്ടാവാത്തതിനാൽ ഞാൻ സർക്കാരിന് അനുകൂലമായി വോട്ടുചെയ്യണം. കഴിയില്ലെങ്കിൽ വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കണം. രണ്ടിനും പ്രതിഫലമുണ്ട്. ചോദ്യക്കോഴയിൽ എം.പി.മാരെ കുടുക്കിയ സ്റ്റിങ് ഓപ്പറേഷൻ പെട്ടെന്ന് ഓർമയിൽ വന്നതിനാൽ പ്രതിഫലം എത്രയെന്നു ചോദിക്കാതെ ഞാൻ സംഭാഷണം അവസാനിപ്പിച്ചു. അതു സ്റ്റിങ് ഓപ്പറേഷനായിരുന്നില്ലെന്ന് അടുത്തദിവസം വയലാർ രവിയെ കണ്ടപ്പോൾ മനസ്സിലായി. പ്രണബിന്റെ ലിസ്റ്റിൽനിന്ന് എന്റെ പേര് നീക്കംചെയ്യിച്ചതായി എന്നെ അറിയാവുന്ന രവി പറഞ്ഞു. പാർലമെന്ററികാര്യ മന്ത്രിയായിരുന്നു വയലാർ രവി. പ്രണബിന്റെ ദൂതർ കോടികൾ എന്നു പറഞ്ഞതായാണ് എന്റെ ഓർമ.”

1998-ലെ തോൽവി

“വി.എസ്. പക്ഷക്കാരനായി തെറ്റിദ്ധരിക്കപ്പെട്ട ഞാൻ സി.ഐ.ടി.യു. വിഭാഗത്തിന് അനഭിമതനായി. അവർ കളമശ്ശേരിയിൽ ഇ. ബാലാനന്ദന്റെ വസതിയിൽ സമ്മേളിച്ച് തന്ത്രങ്ങൾ ആവിഷ്കരിച്ചു. എം.എം. ലോറൻസും കെ.എൻ. രവീന്ദ്രനാഥുമുൾപ്പെടെ എന്റെ അഭ്യുദയകാംക്ഷികളായ നേതാക്കൾ അക്കൂട്ടത്തിലുണ്ടായിരുന്നു. ബൂത്തടിസ്ഥാനത്തിൽ 50 വോട്ടുവീതം മറിക്കുകയായിരുന്നു വിജയകരമായി നടപ്പാക്കിയ തന്ത്രം. മൊത്തം 1300 ബൂത്തുകളുള്ള മണ്ഡലത്തിൽ 65,000 വോട്ട് കണക്കനുസരിച്ച് എനിക്കു നഷ്ടപ്പെടുകയും എതിർസ്ഥാനാർഥിക്കു ലഭിക്കുകയും ചെയ്തു.”

വിപ്പിന്റെ പേരിൽ നടപടി

“2008-ലെ മുംബൈ ഭീകരാക്രമണത്തിനുശേഷം ആഭ്യന്തരമന്ത്രി പി. ചിദംബരം അവതരിപ്പിച്ച യു.എ.പി.എ. ഭേദഗതിബില്ലിന് അനുകൂലമായി വോട്ടു ചെയ്യുന്നതിന് സി.പി.എം. വിപ്പ് നൽകി. പ്രതിപക്ഷം ഒന്നടങ്കം ഭരണപക്ഷത്തെ പിന്തുണയ്ക്കുന്ന ആ അസുലഭ മുഹൂർത്തത്തിന് സാക്ഷിയോ പങ്കാളിയോ ആവേണ്ടതില്ലെന്ന് ഞാൻ തീരുമാനിച്ചു. സി.പി.ഐ. നേതാവ് ഗുരുദാസ് ദാസ്ഗുപ്തയും സഭയിലേക്കു പ്രവേശിക്കാതെ സെൻട്രൽ ഹാളിൽ തന്നെയിരുന്നു. മനഃസാക്ഷിയെ തൃപ്തിപ്പെടുത്താനുള്ള വിട്ടുനിൽക്കൽ ഞാൻ വാർത്തയാക്കിയില്ല. പക്ഷേ, പാർട്ടി അതു ശ്രദ്ധിച്ചു. ബസുദേബ് ആചാര്യയിൽനിന്ന് എനിക്കൊരു കത്തുകിട്ടി. 2008 ഡിസംബർ 17-ന് സഭയിൽ നടന്ന വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതിന് കാരണം വിശദീകരിക്കാനായിരുന്നു ആവശ്യം. സി.പി.എം. ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നിർദേശമനുസരിച്ചാണ് കത്തെന്നും 2009 ജനുവരി 15-ന് ബസുദേബ് ആചാര്യ നൽകിയ നോട്ടീസിൽ വ്യക്തമാക്കിയിരുന്നു.”

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button