InternationalNews

ജാതി വിവേചനം നിരോധിച്ച ആദ്യ യുഎസ് നഗരമായി സിയാറ്റില്‍; ചരിത്രപരമായ പ്രമേയം പാസാക്കിയത് ഇന്ത്യന്‍-അമേരിക്കന്‍ വംശജ

സിയാറ്റില്‍:ജാതി വിവേചനം നിയമവിരുദ്ധമാക്കിയ ആദ്യ അമേരിക്കന്‍ നഗരമായി മാറി സിയാറ്റില്‍. ഇന്ത്യന്‍-അമേരിക്കന്‍ പൊതുപ്രവര്‍ത്തകയും സാമ്പത്തിക വിദഗ്ധയുമായ ക്ഷമാ സാവന്ത് ആണ് ജാതി വിവേചനം നിയമവിരുദ്ധമാക്കിക്കൊണ്ട് പ്രമേയം അവതരിപ്പിച്ചത്.

ക്ഷമ സാവന്തിന്റെ പ്രമേയം സിയാറ്റില്‍ സിറ്റി കൗണ്‍സില്‍ ഒന്നിനെതിരെ ആറുവോട്ടുകള്‍ക്ക് പാസായി. ജാതി വിവേചനത്തിനെതിരെ രാജ്യത്തെ ചരിത്രപരമായ തീരുമാനമാണിത്. ഇത് രാജ്യത്തുടനീളം നടപ്പാക്കേണ്ടതുണ്ട്’. സാവന്ത് പ്രതികരിച്ചു. സിറ്റി കൗണ്‍സിലിലെ ഏക ഇന്ത്യന്‍-അമേരിക്കന്‍ അംഗമാണ് ക്ഷമ സാവന്ത്.

അടുത്ത കാലത്തായി യുഎസിലെ സര്‍വകലാശാലകളില്‍ അടക്കം ജാതി വിവേചനം നിരോധിച്ച് തീരുമാനങ്ങള്‍ വന്നതിന്റെ തുടര്‍ച്ചയായാണ് സിയാറ്റിലെ നീക്കവും. ടെക് മേഖലയിലടക്കം നിരവധി തൊഴിലിടങ്ങളിലാണ് രാജ്യത്ത് ആളുകള്‍ കടുത്ത ജാതി വിവേചനം അനുഭവിക്കുന്നത്.

അതേസമയം ഓര്‍ഡിനന്‍സിന്റെ ലക്ഷ്യം പ്രശംസനീയമാണെങ്കിലും ഒരു പ്രത്യേക സമൂഹത്തെ ഒറ്റപ്പെടുത്തുന്നതാകും ഈ തീരുമാനമെന്ന് വാഷിംഗ്ടണ്‍ ഡിസി ആസ്ഥാനമായുള്ള ഹിന്ദു അമേരിക്കന്‍ ഫെഡറേഷന്‍ തുറന്ന കത്തില്‍ പറഞ്ഞു.

ഇന്ത്യന്‍ അമേരിക്കക്കാര്‍ വാഷിംങ്ടണിലെ ആകെ ജനസംഖ്യയുടെ രണ്ട് ശതമാനത്തില്‍ താഴെ മാത്രമാണെന്നും ജാതിയെ അടിസ്ഥാനമാക്കിയുള്ള വിവേചനമുണ്ടെന്നതിന് തെളിവില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യുഎസിലെ ദക്ഷിണേഷ്യക്കാരെ ലക്ഷ്യമിടുന്നതാണ് പ്രമേയമെന്ന് പലരും അഭിപ്രായപ്പെടുന്നതിനാല്‍ ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റിയിലെ ഒരു വിഭാഗത്തിന് പ്രമേയത്തോട് യോജിപ്പില്ല. എങ്കിലും ജാതി അടിസ്ഥാനത്തിലുള്ള വിവേചനത്തിന് കുറച്ചെങ്കിലും അറുതി വരുത്തുന്നതാണ് പ്രമേയമെന്ന് അനുകൂലിച്ച് വോട്ട് ചെയ്തവര്‍ പറയുന്നു.

ഇക്വാലിറ്റി ലാബ്സ് എന്ന പൗരാവകാശ സംഘടന നല്‍കുന്ന കണക്കനുസരിച്ച് യുഎസില്‍ ജാതിവിവേചനം നേരിട്ട നാലില്‍ ഒരാള്‍ ശാരീരികവും വാക്കാലുള്ളതുമായ ആക്രമണം നേരിടുന്നു. മൂന്നില്‍ ഒരാള്‍ വിദ്യാഭ്യാസപരമായ വിവേചനം നേരിടുന്നു. മൂന്നില്‍ രണ്ടുപേര്‍ ജോലിസ്ഥലത്തെ വിവേചനവും നേരിടുന്നു.

1973ല്‍ പൂനെയിലെ ഒരു ഇടത്തരം ബ്രാഹ്‌മണ കുടുംബത്തിലാണ് ക്ഷമാ സാവന്ത് ജനിച്ചത്. വളര്‍ച്ചയും വിദ്യാഭ്യാസവും ഇന്ത്യയില്‍ തുടര്‍ന്ന ക്ഷമ, മുംബൈയില്‍ വച്ച് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദം നേടി. സിവില്‍ എന്‍ജീയറായിരുന്നു അച്ഛന്‍. അധ്യാപികയായിരുന്നു അമ്മ. ഇന്ത്യയിലായിരുന്നപ്പോള്‍, തനിക്ക് ചുറ്റുമുള്ള കടുത്ത ദാരിദ്ര്യത്തെ കുറിച്ചും അസമത്വത്തെ കുറിച്ചും ക്ഷമ ആശങ്കപ്പെട്ടിരുന്നുവെന്ന് സിയാറ്റിലെ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നല്‍കിയ ബയോയില്‍ വ്യക്തമാക്കുന്നുണ്ട്.

ഇന്ത്യയിലെ വിദ്യാഭ്യാസത്തിന് ശേഷം അടിച്ചമര്‍ത്തലിന്റെയും ദാരിദ്ര്യത്തിന്റെ മൂലകാരണങ്ങള്‍ കണ്ടെത്താനും അതിനായി സാമ്പത്തി ശാസ്ത്രം പഠിക്കാനും യുഎസിലേക്ക് ചേക്കേറി ക്ഷമ. എന്നാല്‍ യുഎസില്‍ എത്തിയിട്ടും ജാതിവിവേചനത്തിനും അടിച്ചമര്‍ത്തലിനും രാജ്യമൊരു പ്രശ്‌നമല്ലെന്ന് ക്ഷമ മനസിലാക്കിയിരുന്നെന്ന് 2013ല്‍ ദി സിയാറ്റില്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button