NationalNews

മികച്ച പാര്‍ലമെന്റേറിയന്‍; ജോണ്‍ ബ്രിട്ടാസിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മികച്ച പാര്‍ലമെന്റേറിയനുള്ള സന്‍സദ് രത്‌ന പുരസ്‌കാരത്തിന് അര്‍ഹനായ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി അടക്കമുള്ളവരെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘സന്‍സദ് രത്ന പുരസ്‌കാരത്തിന് അര്‍ഹരായ പാര്‍ലമെന്റിലെ സഹപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍. സമ്പന്നമായ ഉള്‍ക്കാഴ്ചകളാല്‍ പാര്‍ലമെന്ററി നടപടികളെ സമ്പന്നമാക്കാന്‍ കഴിയട്ടെ.’ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷിയും പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ചു.

കഴിഞ്ഞദിവസം പാര്‍ലമെന്ററി സഹമന്ത്രി അര്‍ജുന്‍ റാം മേഘ് വാള്‍ അധ്യക്ഷനായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. മുന്‍ മുഖ്യ തെരഞ്ഞെടുപ്പു കമ്മീഷണര്‍ ടി എസ് കൃഷ്ണമൂര്‍ത്തി സഹാധ്യക്ഷനായിരുന്നു. മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ ആഭിമുഖ്യത്തില്‍ തുടങ്ങിയ പാര്‍ലമെന്ററിയന്‍ അവാര്‍ഡിന്റെ നിര്‍വഹണ ചുമതല പ്രൈം പോയിന്റ് ഫൗണ്ടേഷനാണ്.

രാജ്യസഭയിലെ ചോദ്യങ്ങള്‍, സ്വകാര്യ ബില്ലുകള്‍, ചര്‍ച്ചകളിലെ പങ്കാളിത്തം, സഭാ നടപടികളിലെ പ്രാഗല്‍ഭ്യം എന്നിവ മുന്‍നിര്‍ത്തിയാണ് ജോണ്‍ ബ്രിട്ടാസ് പുരസ്‌കാരത്തിന് അര്‍ഹനായത്. രാജ്യസഭയില്‍ മൂന്ന് പേരെ തെരഞ്ഞെടുത്തപ്പോള്‍ ജോണ്‍ ബ്രിട്ടാസ് ആദ്യ പേരുകാരനായി.

ജോണ്‍ ബ്രിട്ടാസിനെ കൂടാതെ രാജ്യസഭയില്‍ നിന്ന് ഡോ. മനോജ് കുമാര്‍ ഝാ, ഫൗസിയ തഹ്‌സീന്‍ അഹമ്മദ് ഖാന്‍ എന്നിവരും അവാര്‍ഡിന് അര്‍ഹരായി. ബിദ്യുത് ബരണ്‍ മഹതോ, ഡോ. സുകാന്ത മജുംദാര്‍, കുല്‍ദീപ് റായ് ശര്‍മ്മ, ഡോ. ഹീണ വിജയകുമാര്‍ ഗാവിത, അധിര്‍ രഞ്ജന്‍ ചൗധരി, ഗോപാല്‍ ചിനയ്യ ഷെട്ടി, സുദീര്‍ ഗുപ്ത, ഡോ. അമോല്‍ റാം സിംഗ് കോളി എന്നിവരാണ് ലോക് സഭാംഗങ്ങളായ അവാര്‍ഡ് ജേതാക്കള്‍. ഡോ. എപിജെ അബ്ദുള്‍ കലാം ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് മുന്‍ എംപി ടി കെ രംഗരാജന്‍ അര്‍ഹനായി. ലോക്‌സഭയുടെ ധനകാര്യ കമ്മിറ്റി, രാജ്യ സഭയുടെ ട്രാന്‍സ്‌പോര്‍ട്ട് ടൂറിസം കള്‍ച്ചറല്‍ കമ്മിറ്റി എന്നിവയും അവാര്‍ഡിന് അര്‍ഹമായി.

മാര്‍ച്ച് 25ന് ദില്ലിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button