തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ പിടിയിലായ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തിലെ ശില്‍പ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്തു. മോന്‍സന് ശില്‍പി സുരേഷ് നല്‍കിയ എട്ട് ശില്‍പ്പങ്ങളും വിഗ്രഹങ്ങളും വിഷ്ണുവിന്റെ വിശ്വരൂപം അടക്കമുള്ളവയാണ് പിടിച്ചെടുത്തത്.
തിരുവനന്തപുരം ക്രൈംബ്രാഞ്ച് ടീമാണ് ശില്‍പ്പങ്ങള്‍ പിടിച്ചെടുത്തത്. ഇന്ന് പുലര്‍ച്ചയോടെയാണ് ക്രൈംബ്രാഞ്ച് സംഘം മ്യൂസിയത്തില്‍ പരിശോധന നടത്തിയത്. ശില്‍പി സുരേഷിന്റെ പരാതിയിലായിരുന്നു പരിശോധന. 80 ലക്ഷം രൂപ മോന്‍സന്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും ഏഴ് ലക്ഷം രൂപ മാത്രമാണ് തനിക്ക് ലഭിച്ചതെന്നും സുരേഷ് പരാതിയില്‍ പറയുന്നു.
അതേസമയം കൊച്ചി ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലുള്ള മോന്‍സന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കഴിഞ്ഞദിവസം പുരാവസ്തുകളുടെ മ്യൂസിയം സ്ഥിതിചെയ്യുന്ന കലൂരിലെ വീട്ടില്‍ മോന്‍സനെ എത്തിച്ച് ക്രൈംബ്രാഞ്ച് തെളിവെടുത്തിരുന്നു. പുരാവസ്തുവകുപ്പും മോന്‍സന്റെ കലൂരിലെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
മോന്‍സന്‍ മാവുങ്കലിനെതിരേ നാല് കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 10 കോടി രൂപ തട്ടിയെന്നു കാട്ടി കോഴിക്കോട് സ്വദേശികള്‍ നല്‍കിയ പരാതിയിലാണ് ഒരു കേസ്. മധ്യപ്രദേശ് സര്‍ക്കാരിന്റെ കീഴില്‍ വയനാട്ടിലുള്ള 500 ഏക്കര്‍ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു വിശ്വസിപ്പിച്ചു പത്തനംതിട്ട സ്വദേശി രാജീവില്‍നിന്ന് 1.62 കോടി രൂപ തട്ടിയ പരാതിയിലും വ്യാജഡോക്ടര്‍ ചമഞ്ഞ് ചികിത്സ നടത്തിയതിനും സംസ്‌കാര ടിവിയുടെ പേരില്‍ തട്ടിപ്പു നടത്തിയതിനും കേസെടുത്തു.