27.9 C
Kottayam
Sunday, May 5, 2024

മുട്ടുമടക്കി സര്‍ക്കാര്‍,സ്‌കൂൾ വേനലവധി ഏപ്രിൽ ഒന്നിന് തന്നെ ആരംഭിക്കും; അധ്യയനദിനങ്ങൾ 205 ആയി നിജപ്പെടുത്തി

Must read

തിരുവനന്തപുരം: ഈ വര്‍ഷത്തെ മധ്യവേനലവധി ഏപ്രില്‍ ഒന്നിന് തന്നെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ഈ അധ്യയന വര്‍ഷത്തെ പ്രവൃത്തിദിനങ്ങള്‍ 210-ല്‍ നിന്ന് 205 ആയി നിജപ്പെടുത്തി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഏപ്രില്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള തീയതികള്‍ വേനല്‍ക്കാല അവധി ദിവസങ്ങളായി തുടരും. വേനലവധി ദിവസങ്ങള്‍ക്ക് മാറ്റമില്ല. അധ്യാപക സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് 210 സ്‌കൂള്‍ പഠന ദിവസങ്ങള്‍ എന്നത് 205 പഠനദിവസങ്ങള്‍ എന്നാക്കി നിജപ്പെടുത്തിയതെന്നും മന്ത്രി അറിയിച്ചു

മുഴുവന്‍ ശനിയാഴ്ചകളും അധ്യയന ദിവസങ്ങളാണ് എന്ന പ്രചാരണം ശരിയല്ലെന്നും മന്ത്രി അറിയിച്ചു. അധ്യയന വര്‍ഷത്തിലെ ആകെയുള്ള 52 ശനിയാഴ്ചകളില്‍ 13 ശനിയാഴ്ചകള്‍ മാത്രമാണ് പ്രവൃത്തി ദിനമായി നിശ്ചയിച്ചിട്ടുള്ളത്. നിലവിലെ നിയമങ്ങളും കോടതി വിധികളും ഒരാഴ്ചയില്‍ അഞ്ച് പ്രവൃത്തി ദിനങ്ങള്‍ വേണം എന്ന് നിര്‍ദേശിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ആഴ്ചയില്‍ അഞ്ച് ദിവസം അധ്യയന ദിനങ്ങള്‍ ലഭിക്കാത്ത ആഴ്ചകളില്‍ ശനിയാഴ്ച പഠന ദിവസമാക്കിയിട്ടുള്ളത്.

2022-23 അക്കാദമിക വര്‍ഷത്തില്‍ 198 അധ്യയന ദിനങ്ങളാണ് വിദ്യാഭ്യാസ കലണ്ടറില്‍ ഉണ്ടായിരുന്നത്. അതിനോടൊപ്പം നാല് ശനിയാഴ്ചകള്‍ കൂടി അധ്യയന ദിനങ്ങളാക്കി 202 അധ്യയന ദിനങ്ങള്‍ ആണ് 2022-23 അക്കാദമിക വര്‍ഷത്തിലുണ്ടായിരുന്നത്. 2023-24 അക്കാദമിക വര്‍ഷത്തില്‍ 192 അധ്യയന ദിനങ്ങളും 13 ശനിയാഴ്ചകളും ചേര്‍ന്ന് 205 അധ്യയന ദിനങ്ങള്‍ ആണ് ഉണ്ടാകുക.

യോഗത്തില്‍ പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഐ.എ.എസ്., പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ്. ഷാനവാസ് ഐ.എ.എസ്. തുടങ്ങിയവരും പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week